
പാറശാല: മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ബസിൽ യാത്രയില്ല, പണം മാത്രം കവരും ... കേരളത്തിലും തമിഴ്‌നാട്ടിലുമായി നൂറ്റിഅൻപതോളം മോഷണക്കേസിലെ പ്രതി നെടുമങ്ങാട് മച്ചേൽ സരസ്വതി ഭവനിൽ വിജയന്റെ (57) മോഷണരീതികളിലെ പ്രത്യേകതകളേറെ.
യാത്രാ വിജയൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിജയൻ കഴിഞ്ഞദിവസം വന്യക്കോടുള്ള ഫ്രൂട്‌സ് കട കുത്തിത്തുറന്നുള്ള മോഷണ ശ്രമത്തിനിടെയാണ് പാറശാല പൊലീസിന്റെ പിടിയിലായത്. സ്വർണ്ണാഭരണമെടുക്കാതെ പണം മാത്രം കവരുന്ന വിജയൻ ആറ് മാസത്തിൽ ഒരിക്കലേ സ്വന്തം വീട്ടിലെത്തൂ. പകൽ സമയങ്ങളിൽ ചുറ്റിക്കറങ്ങി ആളില്ലാത്ത വീടും കടകളും നോക്കി വയ്ക്കും. ശേഷം രാത്രിയിൽ മോഷണം നടത്തും. കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രി കേരള തമിഴ്‌നാട് അതിർത്തിയിലെ പടന്താലുംമൂട്ടിലെ ഒരു ഫ്രൂട്‌സ് കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച ഇയാൾ ഒന്നേകാൽ ലക്ഷം രൂപയാണ് കവർന്നത്. പൊലീസ് അന്വേഷണം തുടരവേയാണ് കഴിഞ്ഞദിവസം രാത്രിയിൽ തമിഴ്‌നാട് അതിർത്തിയായ വന്യക്കോടുള്ള മറ്റൊരു കട കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്.
പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പടന്തലുംമൂട്ടിലെ ഫ്രൂട്‌സ് കട കുത്തിത്തുറന്ന് മോഷണം നടത്തിയതായി സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. പാറശാല എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എസ്.ഐ കുരുവിള സക്കറിയ, ഗ്രേഡ് എസ്.ഐ അജിത് കുമാർ, എസ്.സി.പി.ഒമാരായ ഷാജൻ, സാജൻ, സി.പി.ഒമാരായ അനിൽ കുമാർ, അഭിലാഷ്, അനു പ്രശാന്ത്, വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടാനായി കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |