
കൊച്ചി: പോളിടെക്നിക്ക് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി സൈബർതട്ടിപ്പ് നടത്താനുള്ള കോഴിക്കോട് സ്വദേശിയായ യുവാവിന്റെ ശ്രമം ഹിൽപാലസ് പൊലീസ് ‘പൊളിച്ചടുക്കി’. സിംമേളയിലൂടെ വിദ്യാർത്ഥി പുതുതായി വാങ്ങിയ സിം നമ്പർ താൻ ഉപയോഗിച്ചു കൊണ്ടിരുന്നതാണെന്നും തിരിച്ചു തരണമെന്നും ആവശ്യപ്പെട്ട് ഒരാഴ്ചയോളം നിരന്തരം വിളിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് സൈബർ കുറ്റവാളികൾക്ക് മ്യൂൾ അക്കൗണ്ടുകൾ തരപ്പെടുത്തി നൽകുന്ന സംഘമാണ് പിന്നിലെന്ന് സൂചന.
പോളിടെക്നിക്ക് കോളേജ് പരിസരത്ത് മൊബൈൽ കമ്പനിയുടെ സിം മേളയിൽ നിന്നാണ് കണ്ടനാട് സ്വദേശിയായ വിദ്യാർത്ഥി സിം വാങ്ങിയത്. രണ്ടാഴ്ച തികയും മുമ്പേ കോഴിക്കോട് സ്വദേശി ഫാറൂഖ് എന്ന് പരിചയപ്പെടുത്തിയ യുവാവിന്റെ വിളി വന്നു. റീ ചാർജ് മുടങ്ങി നമ്പർ കട്ടായി പോയതാണെന്നും തിരിച്ചു നൽകണമെന്നുമായിരുന്നു അഭ്യർത്ഥന. ആദ്യം അപേക്ഷയുടെയും പിന്നെ ഭീഷണിയുടെയും സ്വരത്തിലായിരുന്നു വിളി. നിരന്തരം വിളിവന്നതോടെ 18കാരനായ വിദ്യാർത്ഥി അർദ്ധസമ്മതം മൂളി.
കഴിഞ്ഞദിവസം നമ്പർ മറ്റൊരു മൊബൈൽദാതാവിലേക്ക് പോർട്ട് ചെയ്യാമെന്നും ഒ.ടി.പി വരുമ്പോൾ അറിയിക്കണമെന്നും യുവാവ് നിർദ്ദേശിച്ചു. സംശയം തോന്നിയ വിദ്യാർത്ഥി പിതാവുമായി ബന്ധപ്പെട്ടു. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ അറിയിക്കാൻ പിതാവ് പറഞ്ഞതു പ്രകാരമാണ് ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ മൊബൈലുമായി എത്തിയത്.
മറുതലക്കൽ പൊലീസ്, എല്ലാം ഡിലീറ്റ്
സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥന് മുന്നിൽ ഇരിക്കുമ്പോൾ അടുത്ത കോൾ എത്തി. നമ്പർ ഉടനടി പോർട്ട് ചെയ്യാനായിരുന്നു നിർദ്ദേശം. വിദ്യാർത്ഥിയുടെ സഹോദരൻ എന്ന വ്യാജേന ഫോൺ എടുത്ത ഉദ്യോഗസ്ഥൻ നമ്പർ തിരിച്ചു തരാൻ താത്പര്യമില്ലെന്ന് അറിയിച്ചു. ഇതോടെ ‘താൻ എന്തു പണിയാടോ കാണിച്ചത്, ഇതൊക്കെ വീട്ടുകാരോട് പറയണോ’ എന്ന് വിദ്യാർത്ഥിയുടെ വാട്സാപ്പിലേക്ക് സന്ദേശം എത്തി. തിരിച്ചുവിളിച്ച ഉദ്യോഗസ്ഥൻ പൊലീസാണെന്ന് അറിയിച്ചതോടെ ഫോൺ കട്ടായി. വാട്സാപ്പ് സന്ദേശം ഡിലീറ്റായി. പിന്നെ, പ്രതികരണമില്ല.
പിന്നിൽ മ്യൂൾ അക്കൗണ്ട് തട്ടിപ്പുകാർ
സൈബർ കുറ്റവാളികൾക്ക് ഓൺലൈൻ തട്ടിപ്പിലൂടെ പണം കൈമാറാനും പിൻവലിക്കാനും മ്യൂൾ അക്കൗണ്ടുകൾ തരപ്പെടുത്തുന്ന സംഘമാണ് വിദ്യാർത്ഥിയെ കുടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഫറൂക്ക് എന്ന വ്യാജപേരിൽ വിളിച്ച യുവാവ് ഇതേപോലെ മ്യൂൾ അക്കൗണ്ടുകൾ തരപ്പെടുത്തുന്ന സംഘത്തിലെ അംഗമാണെന്നാണ് സംശയം. തിരിച്ചറിയൽ കാർഡും ഒ.ടി.പിയും കിട്ടിയാൽ നവലിബറൽ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും.
ഈ അക്കൗണ്ടുകൾ സൈബർതട്ടിപ്പ് സംഘം വില കൊടുത്ത് വാങ്ങും.
സൈബർ കുറ്റകൃത്യങ്ങൾക്ക് മറയാക്കുന്ന ഇത്തരം അക്കൗണ്ടുകളാണ് മ്യൂൾ അക്കൗണ്ടുകൾ എന്നറിയപ്പെടുന്നത്.
സിംമേളയിൽ വിതരണം ചെയ്യുന്ന സിമ്മുകൾ ലക്ഷ്യമിട്ട സംഭവം ആദ്യമായിട്ടാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |