കൊച്ചി: കടയുടമ പറഞ്ഞയച്ചതാണെന്ന് പറഞ്ഞ് സ്ഥാപനത്തിലെത്തിയ അജ്ഞാതൻ സെയിൽസ് ഗേളിനെ പറ്റിച്ച് 6000 രൂപ തട്ടിയെടുത്തു. വൈറ്റില ജംഗഷന് സമീപമുള്ള സ്ഥാപനത്തിൽ ഇന്നലെയാണ് തട്ടിപ്പ് നടന്നത്. വൈകിട്ട് മൂന്നരയോടെ മാസ്‌ക് ധരിച്ച് സ്ഥാപനത്തിലെത്തിയ മദ്ധ്യവയസ്‌കനാണ് പണം തട്ടിയെടുത്തത്.
തട്ടിപ്പ് നടക്കുന്നതിന് അരമണിക്കൂറിന് മുൻപ് ഇയാൾ സ്ഥാപനത്തിലെത്തി കടയുടമയെ അന്വേഷിച്ചിരുന്നു. പിന്നീട് ഫോണിൽ സംസാരിച്ചുകൊണ്ടുവന്ന ഇയാൾ മറുതലയ്‌ക്കൽ കടയുടമയാണെന്ന് വിശ്വസിപ്പിച്ച് കൗണ്ടറിലുള്ള പണവും ഡോക്യുമെന്റും എടുത്തുനൽകാൻ ജീവനക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. തട്ടിപ്പാണെന്ന് മനസിലാകാതെ ജീവനക്കാരി അതനുസരിക്കുകയും ചെയ്‌തു.
പണം എണ്ണാൻ തുടങ്ങിയപ്പോൾ എണ്ണണ്ട, എണ്ണിക്കോളാം എന്ന് ഇയാൾ പറയുന്നതും പണം വാങ്ങി ഉടൻതന്നെ സ്ഥലം വിടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ജോലിക്ക് കയറി ഏതാനും ദിവസങ്ങൾ മാത്രമായ ജീവനക്കാരിയുടെ പരിചയക്കുറവ് തട്ടിപ്പിന് അനുകൂലമായിമാറി. പണം കൊടുത്തതിന് പിന്നാലെ വിവരം കടയുടമയെ വിളിച്ചറിയിച്ചപ്പോഴാണ് തട്ടിപ്പാണ് നടന്നതെന്ന് ജീവനക്കാരിക്ക് മനസിലായത്.
കടയുടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. തട്ടിപ്പ് നടത്തിയതാരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാൾ സമാനമായൊരു കേസിൽ ഒരിക്കൽ ജയിലിൽ കഴിഞ്ഞിരുന്നതായാണ് വിവരം. കഴിഞ്ഞ വർഷം ആലപ്പുഴ നോർത്തിലും ഇത്തരത്തിലൊരു കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. സ്ഥാപനങ്ങളിലെത്തി കടയുടമ ആവശ്യപ്പെട്ടെന്ന് പറഞ്ഞാണ് ഇത്തരക്കാർ ജീവനക്കാരിൽനിന്ന് പണം തട്ടുന്നത്.
A stranger posing as the shop owner's messenger duped a saleswoman at a Kochi shop into handing over ₹6,000. Police have registered a case and launched an investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |