
കൊച്ചി: ട്രെയിൻ യാത്രയ്ക്കെത്തിയ ആശ്രമവാസിയെ ടിക്കറ്റ് പരിശോധകൻ എന്ന വ്യാജേന പരിചയപ്പെട്ട് മൊബൈൽഫോൺ കവർന്ന തട്ടിപ്പുവീരനെ ആർ.പി. എഫ് അറസ്റ്റുചെയ്തു. വടക്കൻ കേരളത്തിലെ നിരവധി മോഷണക്കേസുകളിലെ പ്രതി കോഴിക്കോട് നല്ലളം പൂവാട്ടുപറമ്പ് പെരുമണ്ണ കമ്മാനമീത്തൽ വീട്ടിൽ കെ.പി. പ്രശാന്താണ് (43) ആലുവ റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ ഓഫീസിന് സമീപം പിടിയിലായത്.
തിങ്കളാഴ്ച രാത്രി ഷൊർണൂരിലേക്ക് പോകാൻ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിന്ന ഷൊർണൂർ ഓങ്ങല്ലൂർ രോഹിണി സത്‌സംഗ് ആശ്രമത്തിലെ അന്തേവാസി സദാനന്ദ യോഗിയുടെ (71) മൊബൈൽഫോണാണ് കവർന്നത്. ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് സ്വാമിയുമായി സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ശ്രദ്ധതിരിഞ്ഞ തക്കത്തിനാണ് ഫോണുമായി കടന്നത്. പരാതിയെ തുടർന്ന് ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡും ആർ.പി.എഫും നടത്തിയ തെരച്ചലിൽ മണിക്കൂറുകൾക്കകം പിടിയിലായി. സ്വാമിയിൽനിന്ന് കവർന്ന ഫോൺ ഉൾപ്പെടെ മൂന്നുമൊബൈലുകളും 41,800 രൂപയും റിസ്റ്റ് വാച്ചും കൈവശം കണ്ടെത്തി.
ആലുവയിൽ പിടിയിലായ തിങ്കളാഴ്ച രാവിലെ തമിഴ്നാട് സ്വദേശിയായ നിർമ്മാണത്തൊഴിലാളി കുപ്പുസ്വാമിയിൽ (60) നിന്ന് കവർന്ന സ്വർണമോതിരം വിറ്റ പണമാണ് പ്രതിയുടെ പക്കലുണ്ടായിരുന്നത്. ചാവക്കാട് നഗരത്തിൽ തങ്ങിയിരുന്ന തൊഴിലാളിയെ ജോലിതരാമെന്ന് പറഞ്ഞ് ചേറ്റുവ റോഡിലെ റിഗാലിയ ജ്വല്ലറിക്ക് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ജോലിക്കായി തൊഴിലാളി വസ്ത്രം മാറുന്നതിനിടെ മോതിരവും 5,000 രൂപയുമായി ആലുവയിലേക്ക് കടന്നു.
കാപ്പ ചുമത്താൻ പന്തീരങ്കാവ് പൊലീസ്
ആൾക്കാരുമായി പരിചയംനടിച്ച് അടുത്തുകൂടി കവർച്ച ചെയ്യുന്നതാണ് രീതി. 2025 ഏപ്രിൽ 29ന് കോഴിക്കോട് സി.എച്ച് മേൽപ്പാലത്തിന് സമീപം പരിചയപ്പെട്ട ആളുടെ ബുള്ളറ്റിന്റെ താക്കോൽ അടിച്ചുമാറ്റി ബുള്ളറ്റുമായി കടന്ന കേസിൽ പ്രതിയാണ്. വളപട്ടണം, തൃശൂർ വെസ്റ്റ്, ഈസ്റ്റ്, തൃശൂർ മെഡിക്കൽ കോളേജ്, കോഴിക്കോട് മുക്കം, പാലക്കാട് ടൗൺ നോർത്ത്, പാലക്കാട്, കോഴിക്കോട് മെഡിക്കൽ കോളേജ്, നടക്കാവ്, ചേവായൂർ, നല്ലളം, കൊടുവള്ളി, തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷനുകളിലായി സമാനസ്വഭാവമുള്ള 18 കേസുകളുണ്ട്. അടുത്തിടെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസിലും പ്രതി ചേർത്തിരുന്നു. സ്ഥിരം കുറ്റവാളിയായ പ്രശാന്തിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടയ്ക്കണമെന്ന കോഴിക്കോട് പന്തീരങ്കാവ് പൊലീസിന്റെ റിപ്പോർട്ട് ജില്ലാ കളക്ടറുടെ മുന്നിലാണ്. എറണാകുളം റെയിൽവേ പൊലീസിന് കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |