SignIn
Kerala Kaumudi Online
Monday, 08 June 2026 4.47 AM IST

വനിതാഗുണ്ടയെ തല്ലിച്ചതച്ച യുവാവിനായി പൊലീസ് നെട്ടോട്ടം

f

ആക്രമണം ജോസ്കോ ജംഗ്ഷനിലെ എ.ടി.എമ്മിൽ

കൊച്ചി: ഓട്ടോ ഡ്രൈവറായ വനിതാഗുണ്ടയെ രാത്രി ഓട്ടം വിളിച്ച് തല്ലിച്ചതച്ചെന്ന് പരാതി. ഓട്ടോറാണിയെന്ന് അറിയപ്പെടുന്ന 48കാരിക്കാണ് മർദ്ദനമേറ്റത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്. 31ന് രാത്രി 11.45ന് എറണാകുളം എം.ജി റോഡ് ജോസ്കോ ജംഗ്ഷനിലെ എ.ടി.എമ്മും നടപ്പാതയും കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. ആലുവയിലേക്ക് ഓട്ടം വിളിച്ച യുവാവ് ജംഗ്ഷനിലെ എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ സഹായം തേടിയെന്നും എ.ടി.എം കൗണ്ടറിനകത്തേക്ക് കയറിയപ്പോൾ ആക്രമിച്ചെന്നുമാണ് ഓട്ടോ റാണിയുടെ പരാതി. പുറകിൽ നിന്ന് വായ്ഭാഗത്തേക്ക് ശക്തിയായി ഇടിച്ച് പരിക്കേൽപ്പിച്ചു. എ.ടി.എമ്മിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പിന്നാലെയെത്തി നടപ്പാതയിലെ കുറ്റിത്തൂണിൽ ഇടിപ്പിച്ച് നിലത്തിട്ട് തലങ്ങും വിലങ്ങും ചവിട്ടി. ആക്രമണത്തിൽ വായിൽ ആഴത്തിലുള്ള മുറിവും താഴത്തെ മൂന്ന് പല്ലുകളിളകുകയും ചെയ്തു.

പരാതിയിൽ സംശയം

പല്ലുകൾ സെറ്റാക്കിയ ശേഷം കഴിഞ്ഞദിവസമാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. കേസെടുത്തെങ്കിലും പരാതിയിൽ കഴമ്പുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. സെൻട്രൽ പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഇടംനേടിയ ഗുണ്ടയാണ് ഓട്ടോറാണി. ‘പട്ടി ജോയി’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ടയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ റാണിയും മകനും പ്രതികളാണ്. വധശ്രമത്തിനാണ് കേസ്. തുടർ‌ന്നാണ് കാപ്പചുമത്തി 6 മാസത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കിയത്. ആലുവയാണ് സ്വന്തം സ്ഥലമെങ്കിലും 12 കൊല്ലമായി എറണാകുളം നഗരത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമാണ് താമസം.

ആക്രമണം പെൺവാണിഭവുമായി ബന്ധപ്പെട്ട് ?

സൗത്ത് റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള പെൺവാണിഭവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നാണ് സൂചന. പരാതിക്കാരിയുടെ ഓട്ടോയിൽ പരിസരത്തെ ചില ലോഡ്ജുകളിൽ ഇടപാടുകാർ എത്തുന്നതായി പൊലീസിന് വിവരമുണ്ട്. ഇടപാടുകാരനായ യുവാവുമായി പോകുംവഴിയുണ്ടായ സാമ്പത്തികത്തർക്കം ആക്രമണത്തിൽ കലാശിച്ചെന്ന് പൊലീസ് സംശയിക്കുന്നു. ഇടപാടുകാരെ എവിടെയെങ്കിലും ഇരുത്തിയശേഷം പണവും സാധനങ്ങളും അടിച്ചുമാറ്റുന്ന പെൺവാണിഭക്കാർ കൊച്ചിയിലുണ്ടായിരുന്നു. ഇരുത്തമെന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ സംഭവവും ഇതിന്റെ ഭാഗമാണോയെന്നാണ് അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY