
വിഴിഞ്ഞം: റോഡിലെ മർദ്ദനത്തിനിടെ ഗ്ലാസ് ചില്ല് തറച്ച് ശിവസൂര്യ (18 ) കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ഒന്നരവർഷമായി ഉള്ളിലൊതുക്കിയ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഒന്നര വർഷം മുമ്പ് ഫുട്‌ബാൾ കളിക്കിടെയുണ്ടായ തർക്കമാണ് ഇന്നലത്തെ സംഘർഷത്തിനും കൊലപാതകത്തിനും കാരണമായത്. സംഭവത്തിൽ പള്ളിച്ചൽ പാരൂർക്കുഴി പഴയറോഡ് ലക്ഷ്മി വീട്ടിൽ കാർത്തികേയൻ (21), പള്ളിച്ചൽ പുന്നമൂട് ചെമ്മൺഗാർഡൻസ് ആൻസിൽ നിവാസിൽ അജിത്ത് (20), പള്ളിച്ചൽ ഭഗവതിനട എണ്ണശ്ശേരിവിളാകം അത്തം വീട്ടിൽ ആരോമൽ (21) എന്നിവരെയാണ് നരുവാമൂട് പൊലീസ് അറസ്റ്റുചെയ്തത്.
സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിൽ ഓരാളെ പൊലീസ് തിരിച്ചറിഞ്ഞെന്നാണ് സൂചന. ഇവരെ കണ്ടെത്തി ചോദ്യം ചെയ്താലെ സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അറിയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി. അയണിമൂട് വൈകുണ്ഠത്തിൽ സുരേഷ്‌കുമാറിന്റെയും സുചിത്രയുടെയും മകനാണ് മരിച്ച ശിവസൂര്യ.
ശനിയാഴ്ച രാത്രി എട്ടോടെയാണ് ശിവസൂര്യയെ മുൻ വൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ ബൈക്കിൽ കയറ്റി വെടിവച്ചാംകോവിലിലെത്തിച്ചത്. ഇവിടെ വച്ച് വാക്കേറ്റമുണ്ടാവുകയും പിന്നീടുണ്ടായ കൂട്ടയടിയിൽ റോഡരികിലെ തുണിക്കടയിലെ ഗ്ലാസ് ഡോറിലേക്ക് മറിഞ്ഞ് വീണ് ചില്ല് ശിവസൂര്യയുടെ ശരീരത്തിൽ തുളച്ചുകയറുകയായിരുന്നു. പള്ളിച്ചൽ വെടിവച്ചാംകോവിൽ പുന്നമൂട് റോഡിൽ പുന്നമൂട് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിന്റെ മുന്നിലാണ് സംഭവം.
ഗുരുതരമായി പരക്കേറ്റ് രക്തം വാർന്ന് അവശനിലയിലായ ശിവസൂര്യയെ പ്രതികളായ അജിത്തും കാർത്തിക്കും കൂടിയാണ് ബൈക്കിലെടുത്തിരുത്തി ആശുപത്രിയിലെത്തിച്ചത്. ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ സംശയം തോന്നിയ ജീവനക്കാർ പ്രതികളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇവർ ശിവസൂര്യയെ ബൈക്കിൽ കയറ്റുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിക്കുമെന്നും പൊലീസ് പറഞ്ഞു.
ഞെട്ടൽ മാറാതെ നാട്ടുകാർ
കായിക മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയ ശിവസൂര്യയുടെ മരണത്തിൽ ഞെട്ടി പള്ളിച്ചൽ ഗ്രാമം. ജാവലിൻ,ഷോട്ട്പുട്ട്,ഫുട്‌ബാൾ തുടങ്ങിയ മത്സരങ്ങളിൽ സ്‌കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. സൈന്യത്തിൽ ചേരാനായിരുന്നു ശിവസൂര്യയ്‌ക്ക് ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു.
ശിവസൂര്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് മൂന്നോടെയാണ് പള്ളിച്ചൽ അയണിമൂട്ടിലെ വൈകുണ്ഠം വീട്ടിലെത്തിച്ചത്. ശിവസൂര്യയെ അവസാനമായി ഒരു നോക്കുകാണാൻ സുഹൃത്തുക്കളും അദ്ധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേരാണെത്തിയത്. പൊതുദർശനത്തിന് ശേഷം അമ്മ സുചിത്രയുടെ കാട്ടാക്കടയിലെ കുടുംബ വീട്ടിൽ മൃതദേഹം സംസ്‌കരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |