
പടിഞ്ഞാറെ കല്ലട: കഴിഞ്ഞദിവസം ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ആക്രമിച്ച് കൈയ്യിൽ ധരിച്ചിരുന്ന ചെയിൻ കവരാൻ ശ്രമിച്ച പ്രതിക്കായി ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. പടിഞ്ഞാറേ കല്ലട , ഐത്തോട്ടുവ തോപ്പിൽ കടവിന് സമീപത്തു വെച്ചായിരുന്നു ഉച്ചയ്ക്കുശേഷം സംഭവം നടന്നത്. വെസ്റ്റ് കല്ലട ഹയർസെക്കൻഡറി സ്കൂളിലെ കോതപുരം സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി കൂട്ടുകാർക്കൊപ്പം നെൽപ്പുരക്കുന്നിലെ ട്യൂഷൻ സെന്ററിൽ നിന്നും സൈക്കിളിൽ വരികയായിരുന്നു.തോപ്പിൽ കടവിന് അകലെ വെച്ച് കൂട്ടുകാർ അവരുടെ വീടുകളിലേക്ക് പോയതോടെ ഒറ്റയ്ക്കായ പെൺകുട്ടിയെ പിന്നാലെ ബൈക്കിൽ ഹെൽമെറ്റും മാസ്കും ധരിച്ചെത്തിയ അക്രമി റോഡിൽ ഇടിച്ചു വീഴ്ത്തുകയായിരുന്നു. കൈയ്യിലെ ചെയിൻ പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെൺകുട്ടി നിലവിളിച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. അപ്പോഴേക്കും അക്രമി ബൈക്കിൽ രക്ഷപ്പെട്ടു. വീട്ടുകാർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |