SignIn
Kerala Kaumudi Online
Monday, 08 June 2026 2.57 AM IST

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടു പേർ അറസ്റ്റിൽ

padam

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറാണെന്ന വ്യാജേന ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന സ്വദേശി ശ്രീരാഗ് (20), ആലപ്പുഴ അമ്പലപ്പുഴ സ്വദേശി കൃഷ്ണപ്രിയ (29) എന്നിവരെയാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. മറ്റൊരാളെ തെരയുന്നു.

മട്ടാഞ്ചേരി സ്വദേശിയായ 33കാരിയുടെ പരാതിയിലാണ് അറസ്റ്റ്. കൗൺസലർ തസ്തികയിൽ നിയമനം വാഗ്ദാനം ചെയ്ത് ഇവരിൽ നിന്ന് അരലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു. സമാന രീതിയിൽ ഞാറയ്‌ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലും ഇവർക്കെതിരെ കേസുണ്ട്. മഞ്ഞുമ്മലിൽ വാടകയ്‌ക്ക് താമസിച്ച് തട്ടിപ്പ് നടത്തിവരികയായിരുന്നു ഇവർ.

കൃഷ്ണപ്രിയയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണമിടപാടുകൾ നടത്തിയിരുന്നത്. പ്രതികളുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവ പരിശോധിക്കുന്നതിലൂടെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നാണ് സൂചന.

മുമ്പും സമാന കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ് ശ്രീരാഗ്. രണ്ട് മാസം മുമ്പ് എറണാകുളത്തെ കോഫിഷോപ്പിൽ വച്ച് പരിചയപ്പെട്ട കൃഷ്ണപ്രിയയെ ഒപ്പം കൂട്ടുകയായിരുന്നു. മട്ടാഞ്ചേരി അസി. പൊലീസ് കമ്മിഷണർ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.എച്ച്.ഒ കെ.എ. ഷിബിൻ, എസ്,ഐ ആന്റണി ക്ലീറ്റസ്, എസ്.സി.പി.ഒ ധനീഷ്, സി.പി.ഒമാരായ ബേബിലാൽ, അജിത്, ശാലിനി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അദ്ധ്യാപക ജോലി വാഗ്ദാനം ചെയ്ത് വൈപ്പിൻ സ്വദേശികളായ രണ്ടുപേരിൽ നിന്ന് സംഘം ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയാണ് ഞാറയ്‌ക്കൽ പൊലീസിന് ലഭിച്ചിട്ടുള്ളത്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഞാറയ്‌ക്കൽ പൊലീസ് അറിയിച്ചു.

വ്യാജ ഐ.ഡി, സർക്കാർ ലോഗോ

വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക ഇ-മെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ ഐ.ഡി നിർമ്മിച്ചും വാട്‌സ്ആപ്പിൽ സർക്കാർ ലോഗോ ഉപയോഗിച്ചുമാണ് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടറാണെന്ന് പരിചയപ്പെടുത്തുന്ന ശ്രീരാഗാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം. ഒഴിവുകൾ കുറവാണെന്നും ഉടൻ പണമടച്ചാൽ നിയമനം നൽകാമെന്നും വിശ്വസിപ്പിച്ച് 25,000 രൂപ അരലക്ഷം രൂപ വരെയാണ് ഇവർ കൈക്കലാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY