SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

'ലഹരിക്കേസിലെ പ്രതിയായ കോളേജ് അദ്ധ്യാപികയെ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു'; കൊച്ചിയില്‍ എസ്‌ഐക്കെതിരെ പരാതി

crime
പ്രതീകാത്മക ചിത്രം


പരാതിക്കാരിയായ തൊടുപുഴ സ്വദേശിനി ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി


കൊച്ചി: മയക്കുമരുന്ന് വേട്ടയില്‍ കൊച്ചി പൊലീസിന്റെ നട്ടെല്ലായ ഉദ്യോഗസ്ഥനെ ലൈംഗിക അപവാദത്തിലും കോഴ ആരോപണത്തിലും തളയ്ക്കാന്‍ ലഹരിമാഫിയ. തൃക്കാക്കര ചെമ്പുമുക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ എ.ഡി.എം.എയുമായി പിടിയിലായ കെവിന്‍ മാത്യുവിന് രാസലഹരി എത്തിക്കുന്ന യുവതിയെ മുന്‍നിറുത്തിയാണ് നീക്കം. കൊച്ചി സിറ്റിയിലെ ജില്ലാ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ (ഡാന്‍സാഫ്) എസ്.ഐയ്‌ക്കെതിരെയാണ് ഗുരുതര ആരോപണം. കേസില്‍ നിന്നൊഴിവാക്കാന്‍ കിടപ്പറ പങ്കിടണമെന്നും അതല്ലെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെന്ന യുവതിയുടെ ആരോപണത്തില്‍ സിറ്റി പൊലീസും സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം തുടങ്ങി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് യുവതിയുടെ പേരില്‍ പരാതി കിട്ടിയത്.


ലഹരി പാര്‍ട്ടികള്‍ക്ക് രാസലഹരി എത്തിക്കുന്ന കെവിനെ ഡാന്‍സാഫ് എസ്.ഐയുടെ നേതൃത്വത്തില്‍ മേയ് ആദ്യവാരമാണ് കസ്റ്റഡിയിലെടുത്ത് തൃക്കാക്കര പൊലീസിന് കൈമാറിയത്. കെവിന്റെ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തൊടുപുഴ കേന്ദ്രീകരിച്ചുള്ള യുവതിയുടെ അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ കെവിന്‍ നടത്തിയതായി കണ്ടെത്തി. കെവിന്റെ കുറ്റസമ്മത മൊഴിയെത്തുടര്‍ന്ന് യുവതിയെ തൃക്കാക്കര പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിരുന്നു.


ഇതോടെയാണ് ഡാന്‍സാഫ് എസ്.ഐയ്‌ക്കെതിരെ ആരോപണങ്ങളുമായി യുവതി രംഗത്തെത്തിയത്. മറ്റൊരാളുടെ ഇ-മെയില്‍ വഴിയാണ് യുവതിയുടെ പരാതി സിറ്റി പൊലീസ് കമ്മീഷണറുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിലെത്തിയത്. പരാതിയില്‍ വ്യക്തമായ മേല്‍വിലാസം നല്‍കിയിട്ടില്ലെങ്കിലും ഇതേ മെയിലില്‍ പൊലീസ് കൈമാറുന്ന സന്ദേശങ്ങള്‍ക്ക് പ്രതികരണം കിട്ടുന്നുണ്ട്. യുവതിയുടെ മൊഴി ഇതേവരെ രേഖപ്പെടുത്തിയിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദ്ദേശപ്രകാരം ഡാന്‍സാഫിന്റെ ചുമതലയുള്ള സിറ്റി നാര്‍ക്കോട്ടിക്‌സ് സെല്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണ്.


തൊടുപുഴ സ്വദേശിയായ യുവതി കോളേജ് അദ്ധ്യാപികയാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എറണാകുളത്ത് സ്ഥിരമായി സന്ദര്‍ശനം നടത്തിയിരുന്ന യുവതി കെവിന്‍ മാത്യു പിടിയിലായതോടെ കേരളം വിട്ടെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY