കൊച്ചി/അങ്കമാലി: ഓർഡർ നൽകിയാൽ സംസ്ഥാനത്ത് എവിടെയും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഒഡീഷ സംഘത്തിലെ കാരിയർമാരായ സഹോദരങ്ങളടക്കം നാലുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. അങ്കമാലി സ്വദേശിക്കായി എത്തിച്ചതെന്ന് കരുതുന്ന 116.370 കിലോ കഞ്ചാവും പിടിച്ചെടുത്തു. ഒഡീഷയിൽ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധമായ കലഹണ്ടി സ്വദേശികളായ ലക്ഷ്മൺ പത്ര (39), സഹോദരൻ തരസ്വർ പത്ര (36), ബൽഭദ്ര ധരുവ (30), പ്രദീപ് ഘഡേയ് (27) എന്നിവരെയാണ് അങ്കമാലി എക്‌സൈസ് പിടികൂടിയത്.
ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് 58 പൊതികളിലാക്കി 11 ബാഗുകളിലായാണ് കൊണ്ടുവന്നത്. ഇന്നലെ പുലർച്ചെ 5.30-ഓടെയാണ് സംഘം പിടിയിലായത്. നാലുപേരും മുമ്പും കേരളത്തിൽ വന്നിട്ടുള്ളതായി സംശയിക്കുന്നതായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് പറഞ്ഞു. അങ്കമാലി പാലിശേരി ഭാഗത്തേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ രാത്രികാല പരിശോധനകൾ ശക്തമാക്കിയിരുന്നു.
സംശയാസ്പദമായി കണ്ട നാലംഗ സംഘത്തെ തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. തൃശൂരിൽ ട്രെയിൻ ഇറങ്ങിയശേഷം ബസ് മാർഗം കറുകുറ്റിയിൽ എത്തിയെന്നാണ് കരുതുന്നത്. പ്രതികളുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് ഒരാൾക്ക് 30,000 രൂപ വീതമാണ് പ്രതിഫലം ലഭിച്ചിരുന്നത്.
അങ്കമാലി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ. വിപിൻ ദാസ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി.കെ. ബിജു, പി.എൻ. സുരേഷ് ബാബു, പ്രിവന്റീവ് ഓഫീസർമാരായ എം.എ. ഷിബു, വി.ബി. രാജേഷ്, എ.പി. പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്. നൗഫൽ, പി.ബി. സജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |