ബംഗളൂരു: ഡെലിവറിക്കെത്തിയ ഫ്ലിപ്‌കാർട്ട് ജീവനക്കാരൻ വീട്ടിൽ അതിക്രമിച്ച് കയറി യുവതിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയെന്ന് പരാതി. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. വിജയ് മല്ലികാർജുനൻ കാമത്ത് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
സംഭവദിവസം വീട്ടിൽ ഡെലിവറിയുമായി എത്തിയ ജീവനക്കാരൻ ടോയ്‌ലെറ്റ് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.വീട്ടിൽ അപരിചിതരെ പ്രവേശിപ്പിക്കില്ലെന്ന് പലതവണ വ്യക്തമാക്കിയിട്ടും ഇയാൾ വീട്ടിലേക്ക് അതിക്രമിച്ചുകയറി സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
'ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന ആവശ്യം പലതവണ ഞാൻ വിനയപൂർവം നിരസിച്ചു. അടിയന്തരസാഹചര്യമാണെങ്കിൽ തൊട്ടടുത്ത് പുരുഷന്മാരുള്ള വീടുകളിൽ സഹായം തേടാമെന്നും നിർദേശിച്ചു. എന്നിട്ടും എന്റെ അനുമതിയില്ലാതെ വീട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു'-യുവതി സോഷ്യൽമീഡിയയിൽ കുറിച്ചു. ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയതിനുപിന്നാലെ ഇയാൾ സ്വകാര്യാവയവങ്ങൾ പ്രദർശിപ്പിക്കുകയായിരുന്നെന്നും ഇത് തനിക്ക് അപമാനവും സുരക്ഷിതത്വമില്ലായ്‌മയും അനുഭവപ്പെടാൻ കാരണമായെന്നും യുവതി വ്യക്തമാക്കി. 'ഒരു സ്‌ത്രീ ഇല്ലെന്ന് പറഞ്ഞാൽ അതോടെ ആ സംഭാഷണം അവിടെ അവസാനിപ്പിക്കേണ്ടതതാണെന്നും യുവതി കൂട്ടിച്ചേർത്തു.
അതേസമയം, അതിക്രമം കാണിച്ച ജീവനക്കാരനെ ജോലിയിൽനിന്ന് പുറത്താക്കിയതായി ഫ്ലിപ്‌കാർട്ട് വ്യക്തമാക്കി. ഈ സംഭവം ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. അതിക്രമത്തിന് ഇരയായ ഉപഭോക്താവിന് ഞങ്ങളുടെ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഉപഭോക്താക്കളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ കേസിൽ ഉൾപ്പെട്ട ജീവനക്കാരന്റെ സേവനം കമ്പനി അവസാനിപ്പിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കും'-ഫ്ലിപ്കാർട്ട് തങ്ങളുടെ പ്രസ്‌താവനയിൽ വ്യക്തമാക്കി.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും അംഗീകരിക്കാനാകില്ലെന്ന് ഫ്ലിപ്‌കാർട്ട് അറിയിച്ചു. ഉപഭോക്തൃ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ നടപടികൾ ആവശ്യമാണോയെന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |