
കാസർകോട്: ജില്ലയിലെ സ്‌കൂളുകളിൽ അദ്ധ്യയന വർഷാരംഭത്തിന്റെ തുടക്കം തന്നെ വ്യാപകമായി റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ രക്ഷിതാക്കളിൽ ആശങ്ക. കോടതി ഉത്തരവുണ്ടായിട്ടും ഒരു വർഷത്തിലേറെയായി കേരള റാഗിംഗ് നിരോധന ഭേദഗതി ബില്ല് 2025 സർക്കാർ വൈകിപ്പിക്കുന്നതായാണ് ആക്ഷേപം.
കഴിഞ്ഞാഴ്ചയാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിൻ സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് സർക്കാറിന്റെ മെല്ലേ പോക്കിന് എതിരെ കടുത്ത പരമാർശങ്ങൾ നടത്തിയത്. കോടതി നിർദ്ദേശങ്ങളെ സർക്കാർ വളരെ നിസ്സാരമായാണ് കാണുന്നതെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. കാസർകോട് ജില്ലയിൽ പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിച്ചതിന് പിന്നാലെ റാഗിംഗ് കേസുകൾ നിത്യസംഭവമായി മാറി.
കുമ്പള ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് പിന്നാലെ എടനീറിലും, ബെള്ളൂരിലും സമാനമായ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കുമ്പള, ആദൂർ, വിദ്യാനഗർ പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമുണ്ട്. കഴിഞ്ഞവർഷവും സമാനമായ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ചെർക്കള, നായന്മാർമൂല, മൊഗ്രാൽ സ്‌കൂളുകളിലായാണ് ഏറെയും റാഗിംഗ് കേസുകൾ ഉണ്ടായത്.
സംഘട്ടനത്തിൽ ഏർപ്പെട്ട വിദ്യാർത്ഥികളെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. എന്നാൽ ഇത്തരം സംഭവങ്ങളിൽ കർശന നടപടി ഇല്ലാത്തത് മൂലം റാഗിംഗ് കേസുകൾ ആവർത്തിക്കാൻ കാരണമാകുന്നതായി പി.ടി.എയും, നാട്ടുകാരും, രക്ഷിതാക്കളും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |