നാസിക്: വിനോദയാത്രാസംഘത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. അവധിദിവസം ആഘോഷിക്കുന്നതിനായി മഹാരാഷ്‌ട്രയിലെ നാസിക്കിലെത്തിയ കുടുംബത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന യുവതിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌തതിന് കുടുംബാംഗങ്ങളെ ആക്രമിച്ച സംഘം ഇവരെ 15 കിലോമീറ്ററോളം കാറിൽ പിന്തുടർന്നു.
ഞായറാഴ്‌ച ഇഗത്‌പൂരിയിലെ ഭാവ്‌ലി ഡാമും വെള്ളച്ചാട്ടവും ഡാമും സന്ദർശിക്കാനെത്തിയ കുടുംബമാണ് ആക്രമണത്തിന് ഇരയായത്. സ്ഥലത്തുണ്ടായിരുന്ന അക്രമിസംഘം യുവതിക്കുനേരെ വിസിൽ മുഴക്കുകയും മോശമായി പെരുമാറുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. ഇതിനെതിരെ കുടുംബാംഗങ്ങൾ പ്രതികരിച്ചതോടെ വാക്കുതർക്കമുണ്ടാകുകയും അത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയും ചെയ്‌തു.
സ്വയരക്ഷാർത്ഥം കുടുംബാംഗങ്ങൾ കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം മറ്റൊരു വാഹനത്തിൽ പിന്തുടരുകയായിരുന്നു. വഴിയിലുടനീളം മരവടികളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ച് കാറിനെ ആക്രമിക്കാൻ ശ്രമിച്ചു. ഏകദേശം 15 കിലോമീറ്ററോളം ഈ സംഘം കുടുംബത്തെ പിന്തുടർന്നു. ആക്രമണത്തിൽ കുടുംബം സഞ്ചരിച്ച കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യം കൊണ്ടാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാസിക് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു. സംഘത്തിലുള്ളവരെ ഉടൻ പിടികൂടുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
A family outing at Bhavali Dam in Igatpuri, Nashik, turned terrifying after a group allegedly harassed a woman in the family. When her relatives confronted the accused, they were reportedly attacked and chased for nearly 15 kilometres. The assailants attempted to assault the family with wooden sticks and iron rods and vandalised their car. Based on the family's complaint, Nashik Police have registered a case and launched a search for the accused, who remain absconding.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |