
പെരുമ്പാവൂർ: പെരുമ്പാവൂരിൽ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിൽ അന്തർദ്ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ രണ്ടു പേരെക്കൂടി പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി കിഴക്കേ തൊടുകയിൽ വീട്ടിൽ ഫായിസ് (38), കോഴിക്കോട് എരഞ്ഞിപ്പാലം വേങ്ങേരി നാഗത്താൻ പറമ്പിൽ ജഗത്ത് (29) എന്നിവരാണ് പിടിയിലായത്.
തായ്ലൻഡിൽനിന്ന് നെടുമ്പാശേരി എയർപോർട്ട് വഴി കേരളത്തിലെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പ്രാദേശിക വിതരണക്കാർക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇരുവരും. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽനിന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് ഇവരെ പിടികൂടിയത്.
കേസുമായി ബന്ധപ്പെട്ട് പാലക്കാട് മുണ്ടൂർ പുതനൂർ പള്ളിപ്പറമ്പിൽ അബു താഹിർ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പിൽ ഹരികൃഷ്ണൻ (25), പാലക്കാട് കടമ്പഴിപ്പുറം അത്താണിപ്പറമ്പിൽ പ്രെസ്ജിത്ത് (40), ഒറ്റപ്പാലം പനമണ്ണ തെക്കേതിൽ ശ്രീജേഷ് (41), ഒറ്റപ്പാലം ചളവറ പരിയാം തൊടി സഞ്ജയ് പി (22) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ അബു താഹിറിനെ ബംഗളൂരുവിൽനിന്നാണ് പിടികൂടിയത്.
അബു താഹിറും ഹരികൃഷ്ണനും ചേർന്ന് ഏജന്റുമാർക്ക് വിസയും ടിക്കറ്റും പ്രതിഫലവും നൽകി തായ്ലൻഡിലേക്ക് അയയ്‌ക്കുകയാണ് പതിവ്. ഇവർ തിരികെ എത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് എയർപോർട്ടിന് പുറത്തുവച്ച് വാങ്ങി മറ്റ് വിതരണക്കാർക്ക് കൈമാറുകയായിരുന്നു രീതി. എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അസരിഫ് ഷഫീഖ്, ജോജോ ജോർജ്ജ്, ടി.പി. അബ്ദുൾ ജലീൽ, എ.എസ്.ഐ സുബൈർ എംബി, സീനിയർ സി.പി.ഒ ഷിജോ പോൾ, സി.പി.ഒ നജ്മി എ.കെ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |