
കൊച്ചി: കോളേജിലെ അദ്ധ്യാപികമാരുടെയും വിദ്യാർത്ഥിനികളുടെയും മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമ കൂട്ടായ്മകളിലൂടെ പ്രചരിപ്പിച്ച കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ. തൃക്കാക്കര ഭാരത മാതാ കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലാണിത്.
രണ്ടാം വർഷ ബി.ബി.എ ലോജിസ്റ്റിക്സ് വിദ്യാർത്ഥിയും കോളേജിലെ കെ.എസ്.യു മീഡിയാ സെൽ കൺവീനറുമായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ശ്രീഹരിയാണ് തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
അദ്ധ്യാപികമാരുടെ ചിത്രങ്ങളാണ് കൂടുതലായും മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. 2025 മുതൽ ഇത് തുടങ്ങിയെങ്കിലും അടുത്തിടെ ഒരു സഹപാഠിയുടെ ചിത്രം മറ്റ് വിദ്യാർത്ഥികൾ കണ്ടതോടെയാണ് സംഭവം പുറത്തായത്. കോളേജിൽ ആഘോഷപരിപാടികൾ നടക്കുമ്പോൾ അദ്ധ്യാപികമാരുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ ശ്രീഹരി മൊബൈലിൽ രഹസ്യമായി പകർത്തും. തുടർന്ന് മോർഫ് ചെയ്ത് ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യും.
ശ്രീഹരിയും വിശ്വസ്തരായ സഹപാഠികളും ഉൾപ്പെട്ട ചില സമൂഹ മാദ്ധ്യമ കൂട്ടായ്മകളിലൂടെയാണ് ഇവ പ്രചരിപ്പിച്ചത്. ശ്രീഹരിയാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയതോടെ ഇയാളുടെ മൊബൈൽ കോളേജ് അധികൃതരും മറ്റ് വിദ്യാർത്ഥികളും ചേർന്ന്
പിടിച്ചെടുത്ത് പൊലീസിന് കൈമാറി. ഇതിൽ അദ്ധ്യാപികമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സ്ത്രീത്വത്തെ അപമാനിക്കൽ, സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. ശ്രീഹരിയെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്നലെ പ്രതിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |