
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ സ്റ്റേഷൻജാമ്യംനൽകി വിട്ടയച്ച സ്വകാര്യബസ് കണ്ടക്ടറെ പൊലീസ് വീണ്ടും അറസ്റ്റുചെയ്തു. കേസിൽ ദുർബലവകുപ്പുകൾ ചുമത്തി പ്രതിയെ വിട്ടയച്ച നോർത്ത് പൊലീസിന്റെ നടപടിയിൽ കടുത്തവിമർശനം ഉയർന്നതിനെത്തുടർന്ന് എറണാകുളത്തെ ലോഡ്ജിൽനിന്നാണ് ഇയാളെ ഇന്നലെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്.
പള്ളുരുത്തി കോണംറോഡ് കൊല്ലാശേരി നാലുകണ്ടത്തിൽ വീട്ടിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് അൻസാറിനെയാണ് (27) മുഖംരക്ഷിക്കാൻ രണ്ട് ദിവസത്തിനം പൊലീസ് വീണ്ടും അറസ്റ്റുചെയ്തത്.
കാക്കനാട്- ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന അലങ്കാർ ബസിലെ ജീവനക്കാരനായ പ്രതി കഴിഞ്ഞമാസം കലൂർ ദേശാഭിമാനി ജംഗ്ഷനിൽ കാർ തടഞ്ഞുനിറുത്തി ബോണറ്റിൽ അടിക്കുകയും ഡ്രൈവറെ ഭീഷണിപ്പെടുത്തി അസഭ്യം പറയുകയും ചെയ്തു. സിഗററ്റ് വലിച്ച് കാറിന് മുന്നിൽ നിന്നുള്ള ഇയാളുടെ പ്രകടനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും ഇ മെയിലായി പരാതി കിട്ടുകയും ചെയ്തതിനെത്തുടർന്നാണ് നോർത്ത് പൊലീസ് കേസെടുത്തത്.
പ്രതി ജോലിചെയ്യുന്ന ബസ് ശനിയാഴ്ച ഉച്ചയ്ത്ത് എറണാകുളം കച്ചേരിപ്പടിയിൽ എത്തിയപ്പോൾ നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.ജെ. സുനിലും സി.പി.ഒ അജിലേഷും ബസിൽ കയറി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴാണ് മുഹമ്മദ് അൻസാർ അക്രമാസക്തനായത്. എ.എസ്.ഐയെ ആക്രമിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ആക്രമണത്തിൽ സുനിലിന്റെ കീഴ്ച്ചുണ്ടിന് പരിക്കേറ്റു.
ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ദുർബല വകുപ്പ് ചുമത്തി രാത്രിയോടെ സ്റ്റേഷൻജാമ്യംനൽകി വിട്ടയച്ചത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കി. സർക്കാർ ഉദ്യോഗസ്ഥനെതിരെ ബലപ്രയോഗം നടത്തിയതിനും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ബി.എൻ.എസിലെ 132 , 121(1) ജാമ്യമില്ലാ വകുപ്പുകൾകൂടി ചുമത്തിയാണ് ഇന്നലെ വൈകിട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
* വിട്ടയച്ചത് നോട്ടീസ് നൽകി
ശനിയാഴ്ച മുഹമ്മദ് അൻസാറിനെ വിട്ടയച്ചത് ഇന്ന് വീണ്ടും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയാണെന്ന് നോർത്ത് എസ്.എച്ച്.ഒ സന്തോഷ്‌കുമാർ പറഞ്ഞു. ഹാജരാകാൻ സാദ്ധ്യതയില്ലെന്ന സൂചനയെത്തുടർന്നാണ് ഫോൺ ലൊക്കേഷൻ പിന്തുടർന്ന് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയത്. മോഷണക്കേസുകളിലുൾപ്പെടെ പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർ തടഞ്ഞ് യാത്രക്കാരനെ തടഞ്ഞതിന് കേസെടുത്തതായും എസ്.എച്ച്.ഒ പറഞ്ഞു.
* തൃക്കാക്കര പൊലീസും കേസെടുത്തു
ആഗസ്റ്റ് 22ന് വാഴക്കാലയിൽ കാർ തടഞ്ഞുനിറുത്തി ഡ്രൈവർ പടമുകൾ സ്വദേശി റെജിൻസിനെ (46) ഭീഷണിപ്പെടുത്തുകയും അസഭ്യംപറയുകയും ചെയ്തെന്ന പരാതിയിൽ മുഹമ്മദ് അൻസാറിനെ പ്രതിയാക്കി തൃക്കാക്കര പൊലീസ് ഞായറാഴ്ച കേസെടുത്തു. കാറിനെ മറികടന്ന് ബസ് നിറുത്തിയിട്ടപ്പോൾ റെജിൻസ് ഹോൺ മുഴക്കിയതാണ് പ്രകോപനകാരണം. കാറിന്റെ ഗ്ലാസ് താഴ്ത്താൻ ആവശ്യപ്പെട്ട ശേഷമാണ് ബോണറ്റിലടിച്ചതും അസഭ്യം പറഞ്ഞതും. സംഭവദിവസം റെജിൻസ് നൽകിയ പരാതിയിൽ പൊലീസ് നടപടി എടുത്തിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |