
കൊച്ചി: 38.13 ഗ്രാം എം.ഡി.എം.എയുമായി ഫാഷൻ ഫോട്ടോഗ്രാഫർ കോട്ടയം പാമ്പാടി പൂതക്കുഴിയിൽ വീട്ടിൽ അരുൺ കെ. നായർ (34) എറണാകുളം എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായി. കാറിൽ സഞ്ചരിക്കവേ കാക്കനാട് വച്ചാണ് അറസ്റ്റിലായത്. കാറിൽ നിന്ന് 15 ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.
അരുണിന്റെ സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകൾ കണ്ടെത്തിയതായും വിശദ അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ പി.കെ. സതീഷ് പറഞ്ഞു.
ചെറുപ്പക്കാർക്കും വിദ്യാർത്ഥികൾക്കുമാണ് അരുൺ പ്രധാനമായും മയക്കുമരുന്ന് വിറ്റിരുന്നത്. പിടിയാകുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. കാറിനുള്ളിൽ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു 15 ലക്ഷം രൂപ. കേസിൽ കൂടുതൽ അറസ്‌റ്റുണ്ടാകും.
കോഴിക്കോട് സ്വദേശി ഉബൈദാണ് ഇയാൾക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാക്കനാടുള്ള ആഡംബര ഹോട്ടലിലായിരുന്നു താമസം. ഡൽഹിയിൽ നിന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന എം.ഡി.എം.എ ഗ്രാമിന് 3000 രൂപയ്‌ക്കാണ് ഇയാൾ വിറ്റിരുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും അന്വേഷിക്കും.
എറണാകുളം എക്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എസ്. കണ്ണന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അരുൺ പിടിയിലായത്. മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |