
കാട്ടാക്കട: മന്ത്രവാദത്തിനായി വീട്ടിലെത്തിയ ശേഷം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. വിതുര ചായം ബിസ്‌മി മൻസിലിൽ എം.സജീറിനെയാണ് (54) നെയ്യാർഡാം പൊലീസ് അറസ്റ്റുചെയ്‌തത്.
2025 ജൂലായിലായിരുന്നു സംഭവം. യുവതിയുടെ ഭർതൃപിതാവിന്റെ ബിസിനസ് പാർട്ണർ അപഹരിച്ച കോടിക്കണക്കിന് രൂപ തിരിച്ചുകിട്ടാൻ നടത്തിയ പൂജയ്ക്കിടെയാണ് പീഡനശ്രമമുണ്ടായത്. ഭർതൃവീട്ടിൽ ആദ്യഘട്ടമായി പൂജ നടത്തിയശേഷം ഇരുട്ടുമുറിയിൽ യുവതിയെ ഒറ്റയ്‌ക്കിരുത്തി സജീർ മന്ത്രങ്ങൾ ചൊല്ലിയശേഷം കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി. ഭയന്നോടിയ യുവതി ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കളെയും വിവരമറിയിച്ചെങ്കിലും അവർ കാര്യമാക്കിയില്ല. തുടർന്നുള്ള ദിവസങ്ങളിൽ സജീർ വീട്ടിലെത്തി പൂജയിൽ പങ്കെടുക്കാൻ നിർബന്ധിച്ചെങ്കിലും യുവതി പോകാൻ തയ്യാറായില്ല.
സംഭവശേഷം മാനസികമായി തകർന്ന യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും മാതാപിതാക്കളും നിരന്തരം പീഡിപ്പിക്കാൻ തുടങ്ങിയെന്നും പരാതിയിലുണ്ട്. സ്ത്രീധനം കിട്ടാത്തതിനാൽ ഭർത്താവ് തന്നെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടെന്ന് യുവതി പറയുന്നു. വീട്ടുകാരുമായി സംസാരിച്ച ശേഷം ഏപ്രിൽ 10ന് നെയ്യാർഡാം പൊലീസിൽ പരാതി നൽകിയെങ്കിലും സജീറിനെ ഒഴിവാക്കി ഭർത്താവിന്റെയും ഭർത്താവിന്റെ മാതാപിതാക്കളുടെയും പേരിൽ ഗാർഹിക പീഡനത്തിന് മാത്രം കേസെടുക്കുകയായിരുന്നു. മന്ത്രവാദിക്കെതിരെ കഴിഞ്ഞമാസം 4ന് യുവതി റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് എസ്.പിയുടെ നിർദ്ദേശാനുസരണം കാട്ടാക്കട ഡിവൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഫോട്ടോ: സജീർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |