SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

ബിരുദ വിദ്യാ‌ർത്ഥിയെ ഗുണ്ടകളെ ഉപയോഗിച്ച് തട്ടിക്കൊണ്ട് പോയി; ആറ് പ്രതികൾ അറസ്റ്റിൽ

പ്രതികളിൽ ഭാരതമാതാ കോളേജ് വിദ്യാർത്ഥികളും

കൊച്ചി: കോളേജ് വിദ്യാർത്ഥിയെ അക്രമികളുടെ സഹായത്തോടെ സ്കൂട്ടറിൽ തട്ടിക്കൊണ്ട് പോയി ബന്ദിയാക്കി മർദ്ദിച്ച് പണം കവർന്ന കേസിൽ ഭാരത മാതാ കോളേജിലെ വിദ്യാർത്ഥികളുൾപ്പെടെ ആറ് പ്രതികളെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.

ബിരുദവിദ്യാർത്ഥികളായ കാലടി മേക്കലടി കരിമ്മക്കാട് വീട്ടിൽ മുഹമ്മദ് സഫാൻ ( 21), കളമശേരി അറയ്ക്കൽ വീട്ടിൽ ആൽഡ്രിൻ ആന്റണി ജോഷി (19), കൂട്ടാളികളായ കളമശേരി മണ്ണിക്കൽ വീട്ടിൽ അജിൽ പയസ് (19), ഏലൂർ ഗ്ലാസ് ഫാക്ടറി കോളനി എടവന വീട്ടിൽ മുഹമ്മദ് നിഷാൻ (22), പുള്ളുക്കാട്ടിൽ വീട്ടിൽ ജോൺ ജോയി (21), കളമശേരി രാജഗിരി പുഴക്കര വീട്ടിൽ മുഹമ്മദ് ഇഫ്രാൻ (22) എന്നിവരാണ് പിടിയിലായത്.

അവസാന വർഷബിരുദ വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി വി.ആർ. ആദിത്യനെയാണ് (21) ഭാരതമാതാ കോളേജിന് സമീപത്തെ ചായക്കടയുടെ മുന്നിൽ നിന്ന് തട്ടിക്കൊണ്ട് പോയത്. 29ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. രാവിലെ 11ന് തൃക്കാക്കര നൈപുണ്യ സ്കൂളിന് സമീപം ആദിത്യനെയും സുഹൃത്ത് പിഷോൺ ഗ്ലാൻസിനെയും ജിമ്മിൽ ഉപയോഗിക്കുന്ന സ്റ്റീൽ ബാർ‌ബെൽ ഉപയോഗിച്ച് പ്രതികൾ ആക്രമിച്ചിരുന്നു. ആദിത്യന് ദേഹമാസകലം മർദ്ദനമേറ്റിരുന്നു. ബൈക്കിന്റെ താക്കോലും പ്രതികൾ കൈവശപ്പെടുത്തി. തുടർന്നാണ് ഉച്ചകഴിഞ്ഞ് കോളേജിന് മുന്നിൽ നിന്ന് സ്കൂട്ടറിൽ തട്ടിക്കൊണ്ട് പോയത്. തടയാൻ ശ്രമിച്ച ആദിത്യന്റെ സുഹൃത്ത് എബിന് നേരെ പ്രതികൾ വധഭീഷണി മുഴക്കിയിരുന്നു.

ഗ്ലാസ് കോളനിക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയ ആദിത്യനെ പ്രതികൾ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. കണ്ണട ഒടിച്ചുകളയുകയും പേഴ്സിൽ നിന്ന് 5000 രൂപ തട്ടിയെടുക്കുകയും ചെയ്ത ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്.

കോളേജിൽ ഇരു കൂട്ടരും തമ്മിൽ നിലനിന്ന തർക്കത്തിന്റെ തുടർച്ചയായാണ് തട്ടിക്കൊണ്ട് പോകലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ല. പ്രതികൾ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥികളാണ്. പരാതിക്കാരായ അവസാന വർഷ വിദ്യാ‌ർത്ഥികൾക്ക് കോളേജിൽ പരീക്ഷ എഴുതാൻ മാത്രമാണ് അനുമതിയുള്ളത്. പുറമെ നിന്നുള്ള ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം നടത്താനിടയായ സാഹചര്യം പൊലീസ് പരിശോധിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY