
വിഴിഞ്ഞം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോവളത്ത് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായ സംഭവത്തിൽ ഒരാളെക്കൂടി കോവളം പൊലീസ് അറസ്റ്റ് ചെയ്തു.
ആറ്റിപ്ര കുളത്തൂർ കിഴക്കുംകര ടി.സി 04/0344 പറക്കുടിവീട്ടിൽ നിന്ന് കുഴിവിള പനയുടെമൂട് നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിന് സമീപം വിളയിൽ വീട്ടിൽ താമസിക്കുന്ന ആർ.എൽ.ആകാശ് (26)നെയാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. ആകാശിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയതെന്നും മൊബൈൽ ഫോണിൽ എം.ഡി.എം.എ വില്പന നടത്തുന്ന നിരവധി ഫോട്ടോകൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. നഗരത്തിലെ ലഹരി വില്പനയുടെ പ്രധാനിയാണ് ആകാശെന്നും ഇതുവഴി പ്രതി ഉണ്ടാക്കിയ വസ്തു വകകൾ
കണ്ടെത്തുമെന്നും കോവളം സി.ഐ വി.എം.ശ്രീകുമാർ പറഞ്ഞു. ജൂൺ 30ന് തുമ്പ കരിമണൽ സ്വദേശി ചിക്കൻ എന്ന സച്ചു (27),ശ്രീകാര്യം പാങ്ങപ്പാറ സ്വദേശി അഖിൽ കൃഷ്ണ (29) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോവളം ബൈപ്പാസിലെ കോവളം ജംഗ്ഷനിൽ വാഹനം തടഞ്ഞുനിറത്തി പ്രതികളെ സാഹസികമായാണ് പിടികൂടിയത്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ ഷിബുവിന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇവരിൽ നിന്ന് 120 ഗ്രാമിൽ കൂടുതൽ എം.ഡി.എം.എ,4.11ഗ്രാം ഹാഷിഷ് ഓയിൽ,200 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിരുന്നു. സച്ചുവിനും സഹോദരൻ സഞ്ജുവിനുമെതിരെ നേരത്തെയും ലഹരിക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐയെ കൂടാതെ സി.പി.ഒ മാരായ പ്രവീൺ,ശ്രീനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |