SignIn
Kerala Kaumudi Online
Wednesday, 04 November 2026 3.58 AM IST

അവനെ അവർ ഇല്ലാതാക്കിയത് തന്ത്രപരമായി, പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടണം...

വിങ്ങിപ്പൊട്ടി അഭിറാമിന്റെ പിതാവ് മധു


തിരുവനന്തപുരം: 'ഉച്ചയ്ക്ക് എനിക്കൊപ്പമിരുന്നാണ് അവൻ ഊണ് കഴിച്ചത്.അതു കഴിഞ്ഞ് കൂട്ടുകാരന്റെ വീട്ടിൽ പോകുന്നുവെന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി.വൈകിട്ട് ബന്ധുവിന്റെ കല്യാണ റിസപ്ഷൻ ഉള്ളതിനാൽ നേരത്തേ വരണമെന്നും,ഒരുമിച്ച് പോകാമെന്നും ഞാൻ പറഞ്ഞിരുന്നു.വരാമെന്ന് പറഞ്ഞാണ് മോൻ പോയത്...പക്ഷേ.....'- വാക്കുകൾ മുഴുമിപ്പിക്കാനാകാതെ മധുവിന്റെ കണ്ഠമിടറി. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് ക്രൂരമായി കൊല്ലപ്പെട്ട അഭിറാമിന്റെ പിതാവാണ് മധു.മകനെ കൊലപ്പെടുത്തിയ പ്രതികൾക്ക് കടുത്ത ശിക്ഷ കിട്ടണമെന്നും,അതിനായി ഇടപെടൽ വേണമെന്നും മധു അഭ്യർത്ഥിക്കുന്നു.
'വൈികിട്ട് 5 ആയിട്ടും അഭിറാം തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഫോൺ വിളിച്ചപ്പോൾ ബെല്ലടിച്ചിട്ടും എടുത്തില്ല.പിന്നെ അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിച്ചപ്പോൾ ബെല്ലടിച്ചു.'അച്ഛാ ഞാൻ ദാ അങ്ങോട്ട് വന്നുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞു.അപ്പോൾ മഴയുടെ നല്ല ലക്ഷണമുണ്ടായിരുന്നു.അവന്റെ സംസാരത്തിൽ എന്തോ കിതപ്പുണ്ടായിരുന്നു.മഴയായതുകൊണ്ട് അവൻ സ്പീഡിൽ നടക്കുകയായിരിക്കും എന്നാണ് കരുതിയത്.എന്നാൽ ഈ സമയം അവന്റെ ജീവൻ അപകടത്തിലായിരുന്നിരിക്കാം...'- മധു വേദനയോടെ പറയുന്നു.
മകനെ വീട്ടിൽ നിന്ന് തന്ത്രപരമായി വിളിച്ചുവരുത്തി പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിക്ക് വ്യക്തമായ അറിവും പങ്കുമുണ്ട്.കാണാതായ മകനായി പൊലീസും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെയാണ് മരണവാർത്ത എത്തിയത്.മോന്റെ കൂട്ടുകാരനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെയും അമ്മയെയും ഫോണിൽ ബന്ധപ്പെട്ടെങ്കിലും അവർ കൃത്യമായ മറുപടി നൽകിയില്ല.തുടർന്ന് മണക്കാട് ശാസ്ത്രക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ വച്ച് എസ്.ഐ നേരിട്ടെത്തി,പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് കേസിലെ ഒന്നാം പ്രതിയുടെ നമ്പർ ലഭിക്കുന്നത്.അതേസമയം,പൊലീസിന്റെ ഭാഗത്തുനിന്ന് തുടക്കത്തിൽ വീഴ്ചയുണ്ടായതായും മധു പറയുന്നു.ഒന്നാം പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ചോദ്യം ചെയ്യാതെ വിട്ടയക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും മൃതദേഹം കണ്ടെത്തിയതും.ഒന്നാം പ്രതിയെ കൃത്യമായി ആദ്യദിവസം തന്നെ ചോദ്യം ചെയ്തിരുന്നെങ്കിൽ എല്ലാം പുറത്തുകൊണ്ട് വരാമായിരുന്നുവെന്നും മധു പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY