ശ്രീകാര്യം: നാടിനെ ഒന്നടങ്കം നടുക്കിയ അഭിറാം കൊലപാതക കേസിൽ പ്രതികൾ നടത്തിയത് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം.പൊലീസ് അന്വേഷണത്തിൽ ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒന്നാംപ്രതി,ഇയാളുടെ സുഹൃത്തും കാപ്പ കേസ് പ്രതിയുമായ ഉമർ,മരിച്ച അഭിറാമിന്റെ സുഹൃത്തുകൂടിയായ അനന്ദ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗൂഢാലോചന,തെളിവ് നശിപ്പിക്കൽ,കുറ്റകൃത്യത്തിന് പ്രേരണ നൽകൽ തുടങ്ങിയ വകുപ്പുകളാണ് ആനന്ദക്കെതിരെ ചുമത്തിയിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ആക്കുളം കായലിൽ തള്ളാനായിരുന്നു പദ്ധതിയിട്ടതെങ്കിലും,വഴിയിൽ ആളുകളുണ്ടാകുമെന്നതിനാൽ സമീപത്തെ മതിൽകെട്ട് പാതി പൊളിഞ്ഞു കിടക്കുന്ന പുരയിടത്തിലെ കുഴിയിൽ ഇട്ട് കരിയിലകൾ കൊണ്ട് മൂടുകയായിരുന്നു. സംഭവത്തിൽ ശക്തമായ തെളിവുകളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.പാങ്ങപ്പാറയിൽ നിന്ന് അഭിറാമുമായി പ്രതി കൃത്യം നടന്ന സ്ഥലത്തേയ്ക്ക് പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രതികളുമായി തെളിവെടുപ്പ് നടത്തി;
മൊബൈലടക്കം കണ്ടെത്താൻ തോട്ടിൽ തിരച്ചിൽ
അഭിറാം വധക്കേസിലെ പ്രതികളുമായി മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.രാവിലെ പ്രായപൂർത്തിയാകാത്ത പ്രതിയെയും,ഉച്ചയോടെ മറ്റൊരു പ്രതിയായ ഉമറിനെയുമാണ് തെളിവെടുപ്പിന് എത്തിച്ചത്.പ്രായപൂർത്തിയാകാത്ത പ്രതിയെ മുഖംമറയ്ക്കാൻ ഹെൽമറ്റ് ധരിപ്പിച്ചാണ് കൊണ്ടുവന്നത്.
അഭിറാമിന്റെ വസ്ത്രങ്ങൾ നശിപ്പിച്ചതായും മൊബൈൽ ഫോൺ,വസ്ത്രങ്ങൾ,കഴുത്ത് ഞെരിച്ചുകൊല്ലാൻ ഉപയോഗിച്ച ബെൽറ്റ് എന്നിവയും സമീപത്തെ തോട്ടിൽ ഉപേക്ഷിച്ചുവെന്ന പ്രതികളുടെ വെളിപ്പെടുത്തലിനെത്തുടർന്ന് സ്‌കൂബാ ടീമെത്തി ഇവിടെ തെരച്ചിൽ നടത്തി.എന്നാൽ ഒന്നും കണ്ടെത്താനായില്ല.ഇന്ന് പ്രദേശത്തെ കാടുപിടിച്ചുക്കിടക്കുന്ന ഇടങ്ങളിൽ വീണ്ടും തെരച്ചിൽ നടത്തും.
കൂസലില്ലാതെ ഉമർ; മാദ്ധ്യമങ്ങളോട് രോഷം
വിലങ്ങണിയിച്ച് മുഖംമറയ്ക്കാതെയാണ് ഉമറിനെ തെളിവെടുപ്പിന് എത്തിച്ചത്.ഏതാനും മാദ്ധ്യമപ്രവർത്തകരടക്കം പ്രദേശത്ത് ചുരുക്കംചിലർ മാത്രമെ ഈ സമയം ഉണ്ടായിരുന്നുള്ളൂ. വിലങ്ങണിയിച്ച് എത്തിച്ച പ്രതി പൊലീസിന്റെ ചോദ്യങ്ങളോട് ധിക്കാരത്തോടെയാണ് മറുപടി പറഞ്ഞത്. കൂസലില്ലാതെ കൊലപാതകം നടത്തിയ സ്ഥലവും ചാക്കിൽകെട്ടി ഉപേക്ഷിച്ചയിടവും പൊലീസിന് കാട്ടിക്കൊടുത്തു. ഇതിന്റെ ദൃശ്യങ്ങളെടുത്ത മാദ്ധ്യമപ്രവർത്തകരോട് രോഷാകുലനാകുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |