തിരുവനന്തപുരം: ശ്രീകാര്യത്ത് കാണാതായ 16 വയസുകാരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരുത്തിപ്പാറ എൻഎസ്എസ് കോളേജ് വിദ്യാർത്ഥി അഭിരാം ആണ് മരിച്ചത്. പെൺസുഹൃത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ പെൺകുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ മറ്റൊരു സുഹൃത്തായ 17കാരനാണ് കൊലപാതകം നടത്തിയത്. പ്രദേശത്തെ ഗുണ്ടാനേതാവിന്റെ സഹായവും 17കാരന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നും മെസേജയച്ചാണ് പ്രതികൾ അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷമാണ് 17 കാരൻ തന്റെ സഹായം തേടിയതെന്നാണ് ഗുണ്ടാനേതാവിന്റെ മൊഴി. എന്നാൽ, പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇന്നലെ ഉച്ചയോടെയാണ് വിദ്യാർത്ഥിയെ കാണാതായത്. പാങ്ങപ്പാറയിലേക്കെന്ന് പറഞ്ഞാണ് അഭിരാം വീട്ടിൽനിന്നിറങ്ങിയത്. സന്ധ്യയായിട്ടും മടങ്ങിയെത്താതായതോടെ രക്ഷിതാക്കൾ ശ്രീകാര്യം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. മൊബൈലിലേക്ക് ഒരു കാൾ വന്നതിന് പിന്നാലെയാണ് അഭിരാം വീടുവിട്ടിറങ്ങിയതെന്നാണ് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞത്.
അഭിരാമിന്റെ സുഹൃത്തുക്കളിൽനിന്ന് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഇന്ന് വൈകുന്നേരത്തോടെയാണ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്.
A 16-year-old student, Abhiram, was found murdered in Thiruvananthapuram. Police have taken three people, including a girl and a 17-year-old boy, into custody. A dispute involving the girl is suspected to be the motive.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |