തിരുവനന്തപുരം: ശ്രീകാര്യത്തെ 16കാരന്റെ കൊലപാതകത്തിൽ വീണ്ടും വഴിത്തിരിവ്. പരുത്തിപ്പാറ എൻഎസ്‌എസ് ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അഭിരാം ആണ് മരിച്ചത്. ലക്ഷ്യം വച്ചത് അഭിരാമിന്റെ സുഹൃത്തിനെ ആയിരുന്നെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി. പെൺസുഹൃത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പെൺകുട്ടിയുൾപ്പെടെ മൂന്നുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇതിൽ പെൺകുട്ടിയുടെ മറ്റൊരു സുഹൃത്തായ 17കാരനും പ്രദേശത്തെ ഗുണ്ടാനേതാവായ ഉമറും ഉൾപ്പെടുന്നു.
കൊലപാതകം നടത്തിയ 17കാരനും 16കാരിയായ പെൺകുട്ടിയും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് വിവരം. അഭിരാം പെൺകുട്ടിക്ക് ഇൻസ്റ്റ്രാഗ്രാമിലൂടെ മോശം സന്ദേശങ്ങളയക്കുന്നത് ചോദ്യം ചെയ്യാനാണ് വിളിച്ചുവരുത്തിയതെന്നും തർക്കത്തിനിടെയിൽ കൊലപാതകം സംഭവിച്ചെന്നുമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവന്ന വിവരം. എന്നാൽ, പെൺകുട്ടിക്ക് മോശം സന്ദേശങ്ങളയിച്ചിരുന്നത് അഭിരാമിന്റെ സുഹൃത്താണെന്നാണ് പ്രതികൾ ഇപ്പോൾ പൊലീസിനോട് പറയുന്നത്. ഈ സുഹൃത്തിനെ വിളിച്ചുവരുത്തുന്നതിനായി അഭിരാമിനെ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, തർക്കത്തിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.
കസ്റ്റഡിയിലുള്ളവരുടെ മൊഴി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണങ്ങൾക്കും സ്ഥിരീകരണങ്ങൾക്കും ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, അന്വേഷണത്തിൽ പൊലീസ് വീഴ്‌വരുത്തിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം ശക്തമാക്കുകയാണ്.
പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നും മെസേജയച്ചാണ് പ്രതികൾ അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷമാണ് 17 കാരൻ തന്റെ സഹായം തേടിയതെന്നാണ് ഗുണ്ടാനേതാവിന്റെ മൊഴി. എന്നാൽ, പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇന്നലെ ഉച്ചയോടെയാണ് വിദ്യാർത്ഥിയെ കാണാതായത്. പാങ്ങപ്പാറയിലേക്കെന്ന് പറഞ്ഞാണ് അഭിരാം വീട്ടിൽനിന്നിറങ്ങിയത്. സന്ധ്യയായിട്ടും മടങ്ങിയെത്താതായതോടെ രക്ഷിതാക്കൾ ശ്രീകാര്യം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. മൊബൈലിലേക്ക് ഒരു കാൾ വന്നതിന് പിന്നാലെയാണ് അഭിരാം വീടുവിട്ടിറങ്ങിയതെന്നാണ് രക്ഷിതാക്കൾ പൊലീസിനോട് പറഞ്ഞത്.
അഭിരാമിന്റെ സുഹൃത്തുക്കളിൽനിന്ന് വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. ഇന്ന് വൈകുന്നേരത്തോടെയാണ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയത്.
A fresh twist has emerged in the murder of 16-year-old Abhiram in Thiruvananthapuram. Police suspect a dispute involving a girl and Abhiram's friend led to the killing. Three people, including a minor girl, are in custody.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |