
കൊച്ചി: വ്യാജരേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ മനുഷ്യക്കടത്ത് നടത്തിയതായി പൊലീസിന് സൂചന ലഭിച്ചു. മുഖ്യപ്രതി നജീബിന്റെ മെഡിക്കൽ ടൂറിസം സെന്റർ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സങ്കീർണമായ കേസായതിനാൽ അന്വേഷണത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന കൊച്ചി ഡിസിപി ഷഹൻഷാ പറഞ്ഞു.
വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ 2024ൽ പിടിയിലായ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച 'സ്റ്റെമ്മ ക്ലബി'ന് സമാനമായ തട്ടിപ്പാണ് നിലവിലെ കേസിൽ മുഖ്യപ്രതി നജീബിന്റെ കല്ലട്രാസ് എന്ന സ്ഥാപനം വഴിയും നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്തിനായി സ്റ്റെമ്മ ക്ലബ് ഉടമ മധു ജയകുമാർ വിദേശരാജ്യത്തേക്ക് മനുഷ്യക്കടത്ത് നടത്തിയാതായി കണ്ടെത്തിയിരുന്നു. നജീബും വ്യാജരേഖകൾ ചമച്ച് പാവപെട്ട ജനങ്ങളെ വിദശത്ത് എത്തിച്ചതായാണ് സംശയം.
കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖല തന്നെ നജീബ് ഉണ്ടാക്കിയിട്ടുണ്ട്. പല ജില്ലകളിലായാണ് തട്ടിപ്പു നടന്നത്. വിദേശ ഇടപാടുകൾ അടക്കം അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്നും കൊച്ചി ഡിസിപി പറഞ്ഞു. നജീബിന്റെ ഇടപാടുകൾ രേഖപ്പെടുത്തിയ ഡയറി കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. കേസിൽ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടർമാരുടെയും അധികൃതരുടെയും മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |