SignIn
Kerala Kaumudi Online
Saturday, 27 June 2026 5.49 AM IST

'എല്ലാം കൃത്യമായി തിരുത്തി, പക്ഷെ ഒന്നുമാത്രം വിട്ടുപോയി';വ്യാജ ഹാൾ ടിക്കറ്റുണ്ടാക്കിയ ഗ്രീഷ്മയ്ക്ക് പിടിവീണത് ഇങ്ങനെ

READ ENGLISH VERSION
greeshma

തിരുവനന്തപുരം: വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവത്തിൽ അറസ്റ്റിലായ അക്ഷയ സെന്റർ ജീവനക്കാരിയുടെ കൂടുതൽ മൊഴികൾ പുറത്ത്. നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലെ ജീവനക്കാരിയായ ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കിയത് താനാണെന്ന് ഗ്രീഷ്മ മുൻപ് തന്നെ കുറ്റം സമ്മതിച്ചിരുന്നു. അക്ഷയ സെന്ററിൽ വച്ചാണ് ഹാൾ ടിക്കറ്റ് തയ്യാറാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

'വിദ്യാർത്ഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ തന്നെ ഏൽപ്പിച്ചിരുന്നു. ഇതിനായി 1850 രൂപ മുൻകൂറായി നൽകുകയും ചെയ്തിരുന്നു. എന്നാൽ തിരക്കുകൾ കാരണം അപേക്ഷിക്കാൻ മറന്നുപോയി.

ഹാൾ ടിക്കറ്റുകൾ വന്നതറിഞ്ഞ് വിദ്യാർത്ഥി പലവട്ടം അക്ഷയയിൽ എത്തിയിരുന്നു. ഇതോടെയാണ് വ്യാജ ഹാൾ ടിക്കറ്റ് ഉണ്ടാക്കിയത്. പരീക്ഷാ കേന്ദ്രം പത്തനംതിട്ട ആയതിനാൽ പരീക്ഷ എഴുതാൻ പോകില്ലെന്നാണ് ആദ്യം കരുതിയത്. ഗൂഗിളിൽ സർച്ച് ചെയ്താണ് പത്തനംതിട്ടയിലെ ഒരു സ്ഥാപനത്തിന്റെ വിലാസം ഹാൾ ടിക്കറ്റിൽ വച്ചത്. എന്നാൽ ബാർകോഡും സാക്ഷ്യപത്രവും തിരുത്താൻ വിട്ടുപോയി. ബാക്കിയെല്ലാം തിരുത്തിയിരുന്നു'- ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു.

തിരുവനന്തപുരം പാറശാല സ്വദേശിയായ വിദ്യാർത്ഥിയ്ക്ക് നൽകിയ ഹാൾ ടിക്കറ്റിലാണ് ഗ്രീഷ്മ കൃത്രിമം കാണിച്ചത്. ഇന്നലെ പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിലാണ് വ്യാജ ഹാൾ ടിക്കറ്റുമായി വിദ്യാർത്ഥി എത്തിയത്. തുടക്കത്തിലെ പരിശോധനയിൽ തന്നെ പരീക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയിരുന്നു. ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചു. ഇതിനിടെ ഹാൾ ടിക്കറ്റിലെ റോൾ നമ്പരിൽ മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥരുടെ പരാതിയിൽ കുട്ടിയെയും അമ്മയെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, NEET EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY