SignIn
Kerala Kaumudi Online
Friday, 02 October 2026 1.08 PM IST

സുന്ദരി, പക്വതയുള്ള പെരുമാറ്റം, വച്ചു നീട്ടുന്നത് മോഹിപ്പിക്കുന്ന വാഗ്ദാനവും, നീതു ഒരുക്കിയ കെണിയിൽ ഈയാംപാറ്റകളെപോലെ വീണവർ ഏറെയാണ്

neethu-mohan-

കൊല്ലം: ആരെയും വീഴ്ത്താൻ പറ്റിയ ഒരായുധമാണ് സൗന്ദര്യം. സുന്ദരിയൊന്ന് ചിരിച്ച് കാണിച്ചാൽ വീഴാത്തവർ ആരുണ്ട്. ആ സൗന്ദര്യം വച്ചാണ് കരവാളൂർ നീതുഭവനിൽ നീതുമോഹൻ (35) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. ജോലി വാഗ്ദാനം ചെയ്ത് വച്ച് നീട്ടിയാൽ ആരുസ്വീകരിക്കാതിരിക്കും; അതും ബാങ്കിലെ ജോലി. അതിൽ ഈയാംപാറ്റകളെപ്പോലെ വീണവർ ഏറെയാണ്. തട്ടിപ്പ് പൊട്ടിയപ്പോൾ നീതു പെട്ടു. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന നീതുവിന്റെ തട്ടിപ്പിന്റെ പിന്നാമ്പുറത്തേക്ക് കാമറ തിരിച്ചാൽ ഞെട്ടും. തട്ടിപ്പിനായി നീതു എടുത്തണിഞ്ഞ വേഷം ബാങ്ക് മാനേജരുടേതായിരുന്നു. അതും എസ്.ബി.എെയുടേത്.

കരവാളൂരിലെ കുടുംബ വീട്ടിലാണ് നീതുവും രണ്ട് മക്കളും അമ്മയും താമസിക്കുന്നത്. നാല് സെന്റ് ഭൂമിയും ചെറിയ വീടും. നീതു ബിരുദപഠനം പൂർത്തിയാക്കിയിട്ടുണ്ട്. അച്ഛൻ മരിച്ചതിനാൽ അമ്മയ്ക്കൊപ്പമായിരുന്നു ജീവിതം. ദാമ്പത്യ ജീവിതം പൊരുത്തക്കേടുകളുടെ വക്കിലും.

സുന്ദരി, പക്വതയുള്ള പെരുമാറ്റം

ബാങ്ക് മാനേജരാണെന്നാണ് പലരെയും നീതു മോഹൻ വിശ്വസിപ്പിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിലമേൽ, നെടുമങ്ങാട് ബാങ്കുകളിലെ മാനേജരാണെന്ന് മാറിയും തിരിഞ്ഞും പലരെയും വിശ്വസിപ്പിച്ചു. ചുരിദാറാണ് സാധാരണ വേഷം. വേഷത്തിൽ മാന്യത. ആഡംബര വാഹനങ്ങളിൽ യാത്രയില്ല. പക്വതയോടെയുള്ള പെരുമാറ്റത്തിലാണ് പലരും വീണുപോകുന്നത്. ബാങ്കിന്റെ വിവരങ്ങൾ ഓരോന്നും പറ‌ഞ്ഞ് ബോദ്ധ്യപ്പെടുത്താൻ പ്രത്യേക മിടുക്കും.

ബാങ്കിൽ നിറഞ്ഞ് നിൽക്കും

മെസഞ്ചറായി ദിവസ വേതനത്തിന് നീതു സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ കയറിപ്പറ്റിയിരുന്നു. പിന്നീട് പലരെയും ക്ളീനിംഗ് ജോലിക്ക് കരാർ അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് കാരണക്കാരിയായി. ബാങ്കിന്റെ നിലമേൽ, നെടുമങ്ങാട് ബ്രാഞ്ചുകളിൽ ബന്ധമുണ്ടായത് അങ്ങനെയാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിവിധ ശാഖകളിൽ മാനേജർ, ഓഫീസ് അസിസ്റ്റന്റ്, മെസഞ്ചർ, ഡ്രൈവർ തുടങ്ങിയ തസ്തികകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് നീതുമോഹൻ പലരെയും സമീപിച്ചത്. രണ്ട് വർഷം മുൻപ് ചിലരിൽ നിന്ന് ചെറിയ തോതിൽ പണം വാങ്ങി തട്ടിപ്പിന് തുടക്കമിട്ടു.

ക്ളീനിംഗ് കരാർ ജോലിക്ക് നീതുവിന്റെ ശുപാർശയിൽ ഒന്നുരണ്ടുപേർ കയറിയതായാണ് വിവരം. ജോലി കിട്ടാതെ പണം നഷ്ടപ്പെട്ടവരായിരുന്നു അധികവും. 5000 മുതൽ 10,000 രൂപവരെയാണ് വാങ്ങിയിരുന്നത്. ചെറിയ തുകയായതിനാൽ ആരും പരാതിപ്പെട്ടതുമില്ല. എന്നാൽ ആറ് മാസം മുൻപാണ് 30,000 മുതൽ 50,​000 രൂപ വരെ വാങ്ങി ജോലി തട്ടിപ്പ് വിപുലപ്പെടുത്തിയത്. ജോലി ആവശ്യമുള്ളവരെ ബാങ്കിൽ വരുത്തും. അവിടെ സ്റ്റാഫുകളോട് കുശലം പറഞ്ഞും മാനേജരുടെ കാബിനിൽ നിന്ന് പുറത്തേക്കുവന്നുമൊക്കെ നീതു അഭിനയിക്കുകയായിരുന്നു. എസ്.ബി.ഐയുടെ നിലമേൽ ശാഖയിലെ നീതുവിന്റെ പേരിലുള്ള അക്കൗണ്ട് വഴിയാണ് ചിലരിൽ നിന്ന് പണം സ്വീകരിച്ചത്. മറ്റ് ചിലർ നേരിട്ട് പണം ഏൽപ്പിക്കുകയായിരുന്നു. പണം നൽകിയതിന് രേഖകൾ ഇല്ലാത്തവരാണ് അധികവും.

ജോലി ഉറപ്പെന്ന് വിശ്വസിപ്പിച്ചു

പണം നൽകിയവർക്ക് ഉടൻ ജോലി ലഭിക്കുമെന്ന് നീതുമോഹൻ വിശ്വസിപ്പിച്ചു. യുവതികളാണ് ജോലിക്കായി കാത്തിരുന്നത്. ഓരോ തീയതികൾ മാറ്റിമാറ്റി പറഞ്ഞു. ഏറ്റവും ഒടുവിൽ 2019 ഡിസംബർ 31ന് അവസാന തീയതി പറഞ്ഞു. ഡിസംബർ 31നും ജോലി കിട്ടാതെ വന്നപ്പോഴാണ് പണം നൽകിയ വിളക്കുടി അനീസ് മൻസിലിൽ ആൻസി, കുന്നിക്കോട് അക്ഷയ മൻസിലിൽ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടിൽ അൻസിയ ബീവി, ആവണീശ്വരം ഷെഫീർ പ്രിൻസ് വില്ലയിൽ ഫൗസിയ എന്നിവർ നീതുവിനെപ്പറ്റി കൂടുതൽ അന്വേഷിച്ചത്. 2.60 ലക്ഷം രൂപയാണ് ഇവർ നാലുപേർ ചേർന്ന് നീതുവിന് നൽകിയത്. ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതിന്റെ രേഖകളും ഇവരുടെ പക്കലുണ്ട്. തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടിട്ടും നീതുമോഹൻ ബാങ്ക് മാനേജരാണെന്നകാര്യത്തിൽ പറ്റിക്കപ്പെട്ടവർക്കും ഉറപ്പായിരുന്നു. പൊലീസിൽ നൽകിയ പരാതിയിലും ബാങ്ക് മാനേജരായ നീതുമോഹൻ തട്ടിപ്പ് നടത്തിയെന്നാണ് ഇവർ സൂചിപ്പിച്ചത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ നീതുവിന് ബാങ്ക് ജോലിയില്ലെന്ന കാര്യം വ്യക്തമായി.

കൂടുതൽ പരാതിക്കാർ

നാലുപേരുടെ പരാതിയെ തുടർന്ന് പുനലൂർ പൊലീസാണ് നീതുമോഹനെ അറസ്റ്റ് ചെയ്തത്. അക്കൗണ്ടിൽ നിക്ഷേപിച്ച പണം അന്നുതന്നെ പിൻവലിച്ചിട്ടുണ്ട്. നീതുവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചെങ്കിലും കാര്യമായ നിക്ഷേപങ്ങളില്ല. കൊല്ലം സ്വദേശിയായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും പണം ഇയാൾക്ക് നൽകിയെന്നുമാണ് നീതു ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. എന്നാൽ കൂടുതൽ അന്വേഷണത്തിൽ അങ്ങനെയൊരാൾ ഇല്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, JOB, CHEATING, JOB CHEATING, NEETHU MOOHAN, CASEDIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY