കൊല്ലം: കൊല്ലത്ത് സ്വത്തുതർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ചെറുമകൾ പിടിയിൽ. ആയൂർ സ്വദേശി അമൃതയാണ് (18) ചടയമംഗലം പൊലീസിന്റെ പിടിയിലായത്. മാതാവ് അശ്വതി പറഞ്ഞതിനാലാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത പൊലീസിന് മൊഴി നൽകി. കേസിൽ അശ്വതി ഇപ്പോഴും ഒളിവിലാണ്.
സെപ്തംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്ത് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവദിവസം രാത്രിയോടെ അശ്വതി ഭർത്താവിന്റെ വീട്ടിൽ മകളെ കൊണ്ടുചെന്നാക്കിയിരുന്നു. അവിടെനിന്നാണ് അമൃത പിടിയിലായത്.അശ്വതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. അമ്മ അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി വച്ചശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അമൃതയുടെ മൊഴി.
ഉന്നത പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും കുടുങ്ങിയ ഹണിട്രാപ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി അച്ചു എന്നറിയപ്പെടുന്ന അശ്വതി. മറ്റു പെൺകുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചും പല പേരുകളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിച്ചും തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. നിലവിൽ അശ്വതിക്കായി തെരച്ചിൽ ഊർജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
In Kollam, a granddaughter was arrested for pouring boiling water on her 61-year-old grandmother during a property dispute. 18-year-old Amrita claimed her mother, Ashwathy, instructed her. The victim, Radhamani, sustained severe burns and remains hospitalized. Police are actively searching for Ashwathy, who is currently absconding and reportedly involved in other criminal cases.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |