
ലൂസിയാന: സ്വന്തം മകന്റെ സുഹൃത്തുമായി മദ്യലഹരിയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട കേസിൽ മുൻ യുഎസ് വനിതാ മേയർക്ക് ജയിൽശിക്ഷ. അമേരിക്കയിലെ ലൂസിയാനയിലുള്ള ഡിറിഡറിലെ മുൻ മേയർ മിസ്റ്റി റോബർട്സിനെയാണ് (43) കോടതി 90 ദിവസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. മകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത പതിനാറുകാരനുമായാണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. കോടതി വിധി പുറപ്പെടുവിക്കുന്നതിനിടെ, പ്രതിയായ മുൻ മേയർ 'കുട്ടികളെ ചൂഷണം ചെയ്യുന്നവൾ' എന്ന് ഇരയായ ആൺകുട്ടിയുടെ അമ്മ പരസ്യമായി കോടതിമുറിയിൽ വിളിച്ചുപറഞ്ഞു.
2024 ജൂലായിൽ മിസ്റ്റി റോബർട്സിന്റെ വീട്ടിൽ വച്ച് മകന്റെ ജന്മദിനാഘോഷ പാർട്ടി നടന്നിരുന്നു. കൗമാരക്കാരായ കുട്ടികൾക്ക് മദ്യം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മുൻ മേയർ തന്നെയാണ് പാർട്ടിയിൽ ഒരുക്കി നൽകിയത്. ഇതിനു ശേഷമാണ് മകന്റെ സുഹൃത്തിനെ ഇവർ ലൈംഗികമായി പീഡിപ്പിച്ചത്. കേസിന്റെ വിചാരണ വേളയിൽ മുൻ മേയറുടെ മക്കൾ തന്നെ അവർക്കെതിരെ സാക്ഷി പറയുകയുണ്ടായി. പാർട്ടി നടന്ന രാത്രിയിൽ അമ്മയും ഇരയായ കുട്ടിയും ഒന്നിച്ച് കിടക്കുന്നത് താൻ നേരിട്ട് കണ്ടതായി മിസ്റ്റി റോബർട്സിന്റെ മകൾ കോടതിയിൽ മൊഴി നൽകി.

മിസ്റ്റിയുടെ മുൻ ഭർത്താവ് ഡങ്കൻ ക്ലാന്റനും ഇവർക്കെതിരെ മൊഴി നൽകി. താൻ കൗമാരക്കാരനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായി മിസ്റ്റി തന്നോട് സമ്മതിച്ചിരുന്നെന്നും, സ്വന്തം മക്കൾ രണ്ടുപേരും ചേർന്നാണ് ഇവരെ കൈയോടെ പിടികൂടിയതെന്നും ഭർത്താവ് വെളിപ്പെടുത്തി.
ഈ വർഷം മാർച്ചിലാണ് മിസ്റ്റി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. പ്രതിക്ക് പരമാവധി ശിക്ഷയായ 17 വർഷത്തെ തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും 90 ദിവസത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ലൈംഗിക കുറ്റവാളിയായി രജിസ്റ്റർ ചെയ്യാനും കൃത്യമായ തെറാപ്പിക്ക് വിധേയയാകാനും മദ്യ-മയക്കുമരുന്ന് പരിശോധനകൾ നടത്താനും കോടതി ഉത്തരവിട്ടു.
ശിക്ഷാവിധിക്ക് തൊട്ടുമുമ്പ് ഇരയായ കുട്ടിയുടെ അമ്മ കോടതിയിൽ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധേയമായി. തന്റെ സംരക്ഷണയിൽ വിശ്വസിച്ച് ഏൽപ്പിച്ച കുട്ടിയെയാണ് മുൻ മേയർ വേട്ടയാടിയതെന്ന് അവർ ആരോപിച്ചു. താൻ കുടുംബത്തിന് തന്നെ വലിയൊരു നാണക്കേടാണെന്ന് മിസ്റ്റി റോബർട്സ് കോടതിയിൽ സമ്മതിച്ചു. സംഭവത്തിന് ശേഷം തന്റെ മക്കളെ മുൻ ഭർത്താവ് കാണിക്കാൻ അനുവദിക്കില്ലെന്ന് ഭയന്നാണ് കേസിൽ കളവ് പറയാൻ മറ്റുള്ളവരോട് താൻ ആവശ്യപ്പെട്ടതെന്നും ഇവർ കോടതിയിൽ പറഞ്ഞു. ചെയ്ത തെറ്റിന് കുട്ടിയുടെ കുടുംബത്തോട് മിസ്റ്റി ക്ഷമാപണം നടത്തി. അമ്മയായി ജീവിക്കാൻ അവസരം നൽകണമെന്നും വിതുമ്പിക്കൊണ്ട് മിസ്റ്റി കോടതിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |