
'ദൃശ്യം' കുടുംബത്തിൽ അംഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ശ്രദ്ധ ഗോകുൽ. ദൃശ്യം 3 കണ്ട പ്രേക്ഷകർ ശ്രദ്ധയെ ശ്രദ്ധിച്ചു. ഒരുകാലത്ത് മിനി സ്ക്രീൻ തളച്ച 'ഹലോ കുട്ടിച്ചാത്തൻ' സീരിയലിൽ വർഷ എന്ന കുസൃതിക്കാരിയായി വേഷമിട്ട ബാലതാരം ശ്രദ്ധ ഗോകുൽ ബിഗ് സ്ക്രീനിൽ നിറ സാന്നിദ്ധ്യം അറിയിക്കുന്നു. മോഹൻലാലിന്റെ ജോർജുകുട്ടിയുമായി 'ബന്ധമുള്ള" കുഴിവെട്ടുകാരൻ പത്രോസിന്റെ മകൾ ശ്രേയയെ അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല . പ്രേക്ഷകപ്രീതി പിടിച്ചുപറ്റുന്ന കഥാപാത്രമായി നിൽക്കുമ്പോഴാണ് അഭിനയത്തോടും പ്രിയപ്പെട്ട നൃത്തത്തോടും വിടപറഞ്ഞ് പഠനത്തിന് ശ്രദ്ധ മാറി നിന്നത്. എം.ബി.ബി.എസ് നേടി ജോലിയുടെ തിരക്കിലും അഭിനയമോഹം കാത്തുസുക്ഷിച്ചു. ജീത്തു ജോസഫിന്റെ വലതുവശത്തെ കള്ളനിലേക്കും അവിടെനിന്ന് ദൃശ്യം 3 ലേക്കുമെത്തിയ വിശേഷം പങ്കുവച്ച് ഡോക്ടർ ശ്രദ്ധ ഗോകുൽ.
കുടുംബം പോലെ ദൃശ്യം സെറ്റ്
എന്നും ആരാധനയോടെ കണ്ട ലാലേട്ടന്റെ കൂടെ സ്ക്രീൻ പങ്കിടുക എന്നത് വലിയ സ്വപ്നമായി കണ്ടു. നമുക്ക് ടെൻഷൻ ആണെങ്കിൽ ലാലേട്ടൻ കംഫർട്ടാക്കി മാറ്റും. എല്ലാ താരങ്ങളുടെ കൂടെയും അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ലാലേട്ടൻ. തുടക്കത്തിൽ തന്നെ ഒപ്പം അഭിനയിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. മീന ചേച്ചി, അൻസിബ, എസ്തർ, അച്ഛനായി അഭിനയിച്ച ജയശങ്കർ അങ്കിൾ അങ്ങനെ എല്ലാവരും ഒരു കുടുംബം പോലെ ഫീൽ ഒരുക്കി തന്നു . അതിന്റെ റിസൽറ്റ് സ്ക്രീനിൽ ലഭിച്ചു എന്നാണ് വിശ്വാസം.
'ഹലോ കുട്ടിച്ചാത്തനി'ൽ എത്തുന്നത് റിയാലിറ്റി ഷോ വഴിയാണ് . റിയാലിറ്റി ഷോ കണ്ടാണ് എന്നെയും നവനീതിനെയും ഷെയ്നിനെയും സീരിയലിലേക്ക് വിളിക്കുന്നത്. കുട്ടികളുടെ സീരിയൽ ആയതിനാൽ എല്ലാവരും ഇപ്പോഴും ഓർക്കുന്നു.
അന്നത്തെ കുട്ടിച്ചാത്തൻ പ്രേക്ഷകർ മുതിർന്നവരായി. അവർക്ക് ഇപ്പോഴും ഞാൻ 'വർഷ'യാണ്. ശ്രദ്ധ എന്ന പേരുപോലും പലർക്കും അറിയില്ല.
ദുൽഖർ സൽമാൻ നായകനായ 'പട്ടം പോലെ' ആണ് ആദ്യ സിനിമ. മാളവിക മോഹനന്റെ അനിയത്തി ആയി ചെറിയ വേഷമായിരുന്നു. സീരിയലിലെ കൂട്ടുകാരൊക്കെ അഭിനയത്തിലും കലാരംഗത്തും നിന്നപ്പോൾ ഞാൻ മെഡിസിൻ പഠനത്തിന് വിദേശത്ത് പോയി. പഠനത്തിൽ മാത്രം ശ്രദ്ധിച്ചു.
ജീത്തു സാറിന്റെ ' വലതുവശത്തെ കള്ളനി'ലൂടെയാണ് തിരിച്ചു വരുന്നത്. ചെറിയ വേഷമാണെങ്കിലും പ്രാധാന്യം നിറഞ്ഞത്. ഓഡിഷൻ വഴിയാണ് ഇൻ ആയത്. അന്ന് തന്നെ പലരും തിരിച്ചറിഞ്ഞു. ദൃശ്യത്തിൽ എത്തിയത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. ജീത്തു സാർ പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ ആണ് വിളിക്കുന്നത്. ഏതൊരു ആളിന്റെയും സ്വപ്നമാണ് ദൃശ്യം ഫ്രാഞ്ചൈസി. ദൃശ്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്.
പാഷൻ- പ്രൊഫഷൻ
രണ്ടും ഒന്നിച്ച് കൊണ്ടുപോവാൻ ആണ് ആഗ്രഹം. അഭിനയിക്കാൻ താല്പര്യം ഉള്ളതിനാലാണ് തിരിച്ചു വന്നത്. ഡാൻസും മറ്റുപരിപാടികളും എല്ലാം മാറ്റി വച്ചാണ് പഠിക്കാൻ ആയി മാറി നിന്നത്. അതിനാൽ അത് വിട്ടുകളയാൻ ആവില്ല. നായികയായി മാത്രമേ അഭിനയിക്കൂ എന്നില്ല. വലതുവശത്തെ കള്ളൻ, ദൃശ്യം 3 എന്നീ സിനിമകളിൽ ചെയ്ത വേഷം പോലെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുന്ന കഥാപാത്രം അവതരിപ്പിക്കാനാണ് ആഗ്രഹം. ദൃശ്യം 3 റിലീസ് ചെയ്ത ശേഷം
'കുട്ടിച്ചാത്തനുമായും' കണക്ട് ചെയ്യാൻ തുടങ്ങി. ദിവസവും മെസേജുകൾ വരുന്നു. വീട്ടിലെ കുട്ടിയെപോലെയാണ് എന്ന് കേൾക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്.
തിരുവനന്തപുരം വെള്ളയമ്പലത്താണ് വീട് . അച്ഛൻ ഗോകുൽദാസ്. റെയിൽവേയിലായിരുന്നു. ഇപ്പോൾ വി.ആർ.എസ് എടുത്തു. അമ്മ സപ്ന മേനോൻ. വീട്ടമ്മ. ഒറ്റമോളാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |