ന്യൂയോർക്ക്: ലോകചരിത്രത്തിലെ അതിക്രൂരമായ ഭീകരാക്രമണങ്ങളിൽ ഒന്നായിരുന്നു 2001 സെപ്തംബർ 11ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിലുണ്ടായത്. രണ്ട് യാത്രാവിമാനങ്ങൾ വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങളിൽ ഇടിച്ചുകയറ്റി നടത്തിയആക്രമണങ്ങളിൽ 2977 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എല്ലാവർഷവും ആക്രമണത്തിൽ കൊല്ലപ്പെട്ടരുടെ സ്മരണാർത്ഥം വേൾഡ് ട്രേഡ് സെന്റർ നിന്നിരുന്ന ഗ്രൗണ്ട് സീറോയിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കാറുണ്ട്. ചടങ്ങിൽ ആറ് മിനിട്ടാണ് മൗനം ആചരിച്ചിരുന്നത്. ആക്രമണത്തിലെ ആറ് നിമിഷങ്ങളിൽ ഓരാേന്നിനും വേണ്ടിയായിരുന്നു ഇത്. ഇത്തവണ ഏഴാമതൊരു മൗനാചരണവുംകൂടി നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ തകർന്ന വേൾഡ് ട്രേഡ് സെന്ററിലെ വിഷാംശമുള്ള പൊടിയും വായുവും ചാരവും ശ്വസിച്ച് കാൻസറുൾപ്പെടെ വിവിധ രോഗങ്ങൾ ബാധിച്ച് മരിച്ച ആയിരങ്ങൾക്കുവേണ്ടിയാണിത്.
ഭീകരാക്രമണമുണ്ടായി കാൽനൂറ്റാണ്ടാകുമ്പോഴാണ് സെപ്തംബർ 11 ആക്രമണത്തിലെ യഥാർത്ഥ ആഘാതം പുറത്തറിയുന്നത്. ആക്രണമത്തിൽ കൊല്ലപ്പെട്ടവരെക്കാൾ കൂടുതൽ ആളുകൾ വേൾഡ് ട്രേഡ് സെന്ററിലെ വിഷാംശമുള്ള പൊടിയും വായുവും ചാരവും ശ്വസിച്ച് മരിച്ചുവെന്നാണ് അടുത്തിടെ പരസ്യപ്പെടുത്തിയ രേഖകൾ വ്യക്തമാക്കുന്നത്. 1.7 ലക്ഷത്തിലധികം പേജുള്ള നഗരസഭാ രേഖകൾ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്രാൻ മംദാനിയാണ് പുറത്തുവിട്ടത്. ഗ്രൗണ്ട് സീറോയ്ക്ക് ചുറ്റുമുള്ള വായു വിഷലിപ്തമാണെന്നും ശ്വസിച്ചാൽ അത്യന്തം അപകടകരമാണെന്ന് അറിമായിരുന്നിട്ടും അന്ന് അധികാരത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇക്കാര്യം പരസ്യപ്പെടുത്തിയില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
നഗരസഭയ്ക്ക് നേരിടേണ്ടിവരുന്ന നിയമപരമായ ബാദ്ധ്യതകൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ഇക്കാര്യങ്ങൾ മനഃപൂർവം മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. ഈ മറച്ചുവയ്ക്കൽ മൂലം രക്ഷാപ്രവർത്തനങ്ങളിലും പുനരുദ്ധാരണപ്രവർത്തങ്ങളിലും പങ്കാളികളായവർക്ക് മസങ്ങളോളം വിഷപ്പുക ശ്വസിക്കേണ്ടിവന്നു. ഇതിനൊപ്പം പ്രദേശവാസികൾക്കും. വായു മലിനമാണെന്ന കാര്യം മറച്ചുവച്ചതിനൊപ്പം ആ വായു ശ്വസിക്കുന്നതുകാെണ്ട് ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിമാന ഇന്ധനം, പൊടിപടങ്ങളിലെ പെപ്പർ കോൺക്രീറ്റ്, ആസ്ബറ്റോസ്, ഈയം തുടങ്ങിയവയാണ് ജനങ്ങളെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിക്കൊണ്ടിരുന്നത്.
'9/11 ഹെൽത്ത് വാച്ച്' എന്ന സംഘടന ദീർഘകാലം നടത്തിയ നിമയപോരാട്ടമാണ് രേഖകൾ പുറത്തുവിടാൻ ബന്ധപ്പെട്ടവരെ നിർബന്ധിതരാക്കിയത്. ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിച്ച അധികൃതർ നഗരത്തിന്റെ സാമ്പത്തിക ലാഭവും നിയമപരമായ സംരക്ഷണവും മാത്രമാണ് ലക്ഷ്യമിട്ടത്. വിഷവായു ശ്വസിച്ചും രോഗം ബാധിച്ചും ഇതുവരെ എത്രപേർ മരിച്ചുവെന്നതിന് വ്യക്തമായ കണക്കുകൾ ലഭ്യമല്ല. ഇപ്പോഴും ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നവർ നിരവധിയാണ്.
തങ്ങളറിയാതെ ഒരു ഈച്ചപോലും അനങ്ങില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അമേരിക്ക സെപ്തംബർ 11ന് രാവിലെ ശരിക്കും ഞെട്ടിവിറയ്ക്കുകയായിരുന്നു. ഒപ്പം ലോകവും. ജനങ്ങൾ തിരക്കുകളിലേക്ക് അമർന്നുകൊണ്ടിരിക്കെയാണ് ആകാശത്തുനിന്ന് ദുരന്തം അവർക്കിടയിലേക്ക് പറന്നിറങ്ങിയത്. അമേരിക്കയുടെ കഴുകൻ കണ്ണുകളെ വെട്ടിച്ച് നാലുയാത്രാവിമാനങ്ങളെയാണ് അൽ ക്വ ഇദ ഭീകരർ തട്ടിയെടുത്തത്. എല്ലാം ആസൂത്രണം ചെയ്തതുപോലെ ഭീകരർ നടപ്പാക്കി. ആക്രണമത്തിന്റെ വ്യാപ്തി പരമാവധി വർദ്ധിപ്പിക്കാനായി നിറയെ ഇന്ധനമുള്ള വിമാനങ്ങളെയാണ് അവർ തിരഞ്ഞെടുത്ത്. അതിൽ രണ്ടുവിമാനങ്ങളാണ് വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറിയത്. വിമാനങ്ങൾ ഇടിച്ചുകയറിയതിനെത്തുടർന്നുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങൾ അപ്പാടെ ആയിരക്കണക്കിന് മനുഷ്യജീവനുകൾക്കൊപ്പം തകർന്നടിഞ്ഞു.
ഭീകരർ റാഞ്ചിയ മറ്റൊരു വിമാനം അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗണിലെ പടിഞ്ഞാറേ ഭാഗത്തേക്കാണ് തുളഞ്ഞുകയറിയത്. ഇരുനൂറോളം പേരാണ് ഇവിടെ തൽക്ഷണം മരിച്ചത്. ഭീകരർ നിയന്ത്രണം ഏറ്റെടുത്ത നാലാമത്തെ വിമാനം വിജനമായ പാടത്ത് തകർന്നുവീഴുകായിരുന്നു.
ഭീകരാക്രമണത്തിന് പിന്നാലെ അൽ ക്വ ഇദയെ നാമാവശേഷമാക്കാൻ അമേരിക്ക അഫ്ഗാനിൽ സൈനിക നടപടികൾക്ക് തുടക്കമിട്ടു. മാസങ്ങൾ നിണ്ട യുദ്ധത്തിനൊടുവിൽ അൽ ക്വ ഇദയെ ഏറക്കുറെ തകർത്ത അമേരിക്ക ബിൻ ലാദനെ വധിക്കുകയും ചെയ്തു.
The September 11, 2001 attacks on the World Trade Center in the United States were among the most horrific terrorist attacks in world history. Two passenger airplanes were deliberately crashed into the Twin Towers, killing 2,977 people, according to the official count.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |