
അല്ലു അർജുൻ മൂന്നു വേഷത്തിൽ എത്തുന്ന രാക്കയിൽ പ്രതിനായികയാവാൻ മലയാളത്തിന്റെ ഐശ്വര്യ ലക്ഷ്‌മി. ഇത് ആദ്യമായാണ് ആരാധകരുടെ ഐഷു അല്ലു അർജുൻ ചിത്രത്തിൽ അഭിനയിക്കുന്നത്. അച്ഛനും രണ്ടു മക്കളുമായി അല്ലു അർജുൻ എത്തുന്ന രാക്ക അറ്റ്‌ലി സംവിധാനം ചെയ്യുന്നു. സൺ പിക്‌ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് അല്ലുവിന്റെയും അറ്റ്‌ലിയുടെയും കരിയറിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
ദീപിക പദുകോൺ, രശ്മിക മന്ദാന, മൃണാൾ താക്കൂർ, ജാൻവി കപൂർ എന്നിവരാണ് നായികമാർ. മലയാള താരങ്ങളായ ചെമ്പൻ വിനോദ്, ഫെമിന ജോർജ് എന്നിവരും രാക്കയുടെ ഭാഗമാണ്. രാക്കയുടെ ആരംഭം മുതൽ ആരാധകരുടെ പ്രതീക്ഷ ഉയർന്നതാണ്. പുഷ്‌പ 2 വിനുശേഷം എത്തുന്ന അല്ലു അർജുൻ ചിത്രം ആണിത്. അതേസമയം തെലുങ്കിൽ ഐശ്വര്യ ലക്ഷ്‌മി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം ആണ് രാക്ക. 2022ൽ അമ്മു എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് അരങ്ങേറ്റം. പ്രൈം വീഡിയോയിൽ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയർ.
സായ് ദുർഗ തേജിന്റെ എസ്. വൈ.ജി (സാംബരാല യേതിഗട്ട്) ആണ് റിലീസിന് ഒരുങ്ങുന്ന ഐശ്വര്യ ലക്ഷ്മി ചിത്രം. പാൻ ഇന്ത്യൻ പീരിയഡ് ആക്‌ഷൻ ഡ്രാമ സംവിധാനം ചെയ്യുന്നത് രോഹിത് കെ.പി.ആണ്. അതേസമയം ഗാട്ട കുസ്‌തി 2 ബോക്സ് ഓഫീസിൽ 50 കോടി കയറിയിരുന്നു. ആദ്യമായാണ് ഐശ്വര്യ ലക്ഷ്മി ചിത്രം 50 കോടി ക്ളബിൽ എത്തുന്നത്. മലയാളത്തിൽ ആശ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഉർവശി, ജോജു ജോർജ് എന്നിവരോടൊപ്പം പ്രധാന വേഷത്തിൽ ഐശ്വര്യ ലക്ഷ്മി എത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |