
1951 - 2026 മലയാള സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങവേയാണ് വിഖ്യാത നടൻ നാനാ പടേക്കറുടെ അപ്രതീക്ഷ വിയോഗം
വിശ്വനാഥ് പടേക്കറിൽ നിന്ന് നാനാ പടേക്കറിലേക്ക് നല്ല ദൂരം വരും. എന്നാൽ എല്ലാവർക്കും നാനാ ജീയായി.തന്റേതായ അഭിനയ ശൈലികൊണ്ടും സംഭാഷണ ചാതുരികൊണ്ടും ശ്രദ്ധേയനായ നാനാ പടേക്കർ വിഖ്യാത ഹിന്ദി - മറാത്തി നടനും സംവിധായകനുമായി അരങ്ങുവാണു.. നാനാ പടേക്കർ അപ്രതീക്ഷിതമായി വിട പറയുമ്പോൾ നാലുദിവസം മുൻപ് പറഞ്ഞ വാക്കുകൾ ചർച്ചയായി മാറുന്നു. 'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല". തന്റെ മരണം മുൻകൂട്ടി കണ്ടിരുന്നുവോ ?
നാടകവേദിയിലൂടെ കടന്നുവന്ന നാനാ പടേക്കറിനു അഞ്ചു പതിറ്റാണ്ടിലേറെ നീണ്ടതാണ് സിനിമായാത്ര.1978ൽ മുജഫർ അലി സംവിധാനം ചെയ്ത ഗമൻ എന്ന ചിത്രത്തിലൂടെ സിനിമാ പ്രവേശം. കഥാപാത്രം ചെറുതെങ്കിലും അവതരിപ്പിക്കുന്ന രീതി വലുതായിരുന്നു.
1989ൽ വിദു വിനോദ് ചോപ്രയുടെ'പരിന്ദ"യിൽ അവതരിപ്പിച്ച അണ്ണാ എന്ന അധോലോക നായകൻ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തനായ വില്ലൻ കഥാപാത്രങ്ങളിൽ ഒന്നായി. നോട്ടവും ശബ്ദവും നിശബ്ദതയും എല്ലാം അഭിനയത്തിന്റെ പ്രത്യേകതയായി മാറി. അണ്ണായുടെ പ്രകടനത്തിന് മികച്ച സഹ നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം. സംഭാഷണങ്ങൾ കൃത്യമായി പറയുന്ന ശൈലിയും മുഖഭാവങ്ങളിലെ നിയന്ത്രണവും പെട്ടെന്നുള്ള വികാര വിസ്ഫോടനവും വേറിട്ടൊരു അഭിനയ തലം തന്നെ ഒരുക്കി. 1981ൽ' പ്രഹാർ: ദ ഫൈനൽ അറ്റാക്ക്" സൈനിക പശ്ചാത്തലത്തിൽ ഒരുക്കി നായകനായി അഭിനയിച്ചതിനൊപ്പം സംവിധാനം, തിരക്കഥ, സംഭാഷണം എന്നിവയിലും പങ്കാളിയായി വിസ്മയിപ്പിച്ചു.
വെറും 'ആഗ്രിമാൻ' വേഷങ്ങളല്ല
മൂന്നു വർഷത്തിനുശേഷം വന്ന ക്രാന്തി വീർ എന്ന ചിത്രത്തിലെ പ്രതാപ് നാരായൺ തിലകിന് സാധാരണക്കാരന്റെ ശബ്ദം ആയിരുന്നു. കോപം നാനാ പടേക്കറുടെ അഭിനയത്തിലെ പ്രധാന ഘടകമായിരുന്നു. എന്നാൽ, ആ കോപത്തിനുള്ളിൽ ഒരു മുറിവുണ്ടായിരുന്നു. ക്രാന്തിവീറിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. അംഗാർ, തിരംഗ, അഗ്നിസാക്ഷി, ഖാമോഷി: ദ മ്യൂസിക്കൽ, യശ്വന്ത് തുടങ്ങിയ ചിത്രങ്ങൾ മാസ്റ്റർ പീസുകളാണ്. അഗ്നിസാക്ഷിയിലെ പ്രകടനത്തിന് മൂന്നാമത്തെ ദേശീയ പുരസ്കാരം ലഭിച്ചു. 'അപഹരൺ", രാജ്‌നീതി തുടങ്ങിയ ചിത്രങ്ങളിൽ കണ്ട നാനാ പടേക്കർ അല്ല വെൽക്കത്തിൽ. അണ്ണായെ പോലെ അധോലോക നായകനായിരുന്നെങ്കിലും അതേ ശബ്ദവും അതേ തീവ്രതയും കോമഡിയായി ഉപയോഗിച്ചു.
അവസാന നാളിലും സജീവം
മറാത്തി നാടകവും സിനിമയുമാണ് കലാജീവിതത്തിന്റെ അടിത്തറ. 2016ൽ പുറത്തിറങ്ങിയ 'നാട് സമ്രാട്ട്, എന്ന ചിത്രത്തിൽ ഗണപത് ബെൽവൽക്കർ എന്ന കഥാപാത്രമായി എത്തി. അപ്പോൾ കഥാപാത്രത്തിന്റെ നിശബ്ദത പോലും സംസാരിച്ചു. കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി അതു മാറുകയും ചെയ്തു. അവസാന കാലത്തും നാനാ പടേക്കർ അഭിനയിക്കുകയായിരുന്നു. പോയവർഷം ഹൗസ് ഫുൾ 5ൽ ധഗ്ഡു ഹുൽഗുണ്ടായി.
ഈ വർഷം ഷാഹീദ് കപൂറിന്റെ ' ഒ റോമിയോയിൽ ഡി.സി.പി ഇസ്‌മയിൽ ഖാനായി. അനിൽ കപൂറിന്റെ സുബേദാറിലും ശ്രദ്ധേയ കഥാപാത്രമായി എത്തി. 2026 മാർച്ചിൽ ഒ.ടി.ടി റിലീസായി എത്തിയ സുബേദാർ ആണ് അവസാന ചിത്രം സൈനിക വേഷങ്ങളിൽ ഏറെ തിളങ്ങിയ നാനാ പടേക്കറുടെ അവസാന ചിത്രത്തിന് പട്ടാള പേര്. ബോളിവുഡിലെ പഴയ കാല താരങ്ങളെ പോലെ അവസരങ്ങളില്ലാത്ത സ്ഥിതി ഒരിക്കലും നേരിട്ടില്ല. പുതിയകാല താരങ്ങൾക്കൊപ്പവും പ്രവർത്തിച്ചു. ആ കർമ്മപഥത്തിൽ നിന്നാണ് മടക്കം.മലയാള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അഗാധമായി കാത്തുസൂക്ഷിച്ചിരുന്നു.
നാനാ പടേക്കർ, വിനായകൻ, ഐ.എം. വിജയൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു മലയാള സംവിധായകൻ വിശ്വൻ വിശ്വനാഥൻ. ഈ സിനിമയുമായി ബന്ധപ്പെട്ട് നാനാ പടേക്കറെ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നതായി വിശ്വൻ വിശ്വനാഥൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. അപ്പവും വീഞ്ഞും, ഡോക്ടർ പേഷ്യന്റ്, ഔട്ട് ഒഫ് സിലബസ് എന്നീ സിനിമകളുടെ സംവിധായകനാണ്. ആ ദുരന്തവാർത്ത അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി തകർന്നു. വിട നാനാ ജി. നമ്മൾ സ്വർഗത്തിലോ നരകത്തിലോ വച്ച് സിനിമ ചെയ്യും. ഉറപ്പ്. വിശ്വൻ വിശ്വനാഥന്റെ കുറിപ്പ് അവസാനിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |