SignIn
Kerala Kaumudi Online
Thursday, 08 October 2026 12.20 PM IST

'നാളെ ഞാൻ ഇവിടെ ഉണ്ടാകുമോ എന്ന് എനിക്കറിയില്ല'; സിനിമയിലും ജീവിതത്തിലും സ്വന്തം കയ്യൊപ്പ് ചാർത്തിയ ഒരേയൊരു നാനാ പടേക്കർ

nana-patekar
നാനാ പടേക്കർ

ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായ നാനാ പടേക്കറുടെ വിയോഗം എല്ലാവർക്കും ഒരുപോലെ അപ്രതീക്ഷിതമായിരുന്നു. 75-ാം വയസിൽ ലോകത്തോട് വിടപറഞ്ഞ ആ ബഹുമുഖ പ്രതിഭയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങൾ നിറഞ്ഞതാണ്. ഇന്ത്യൻ സിനിമയിൽ വേറിട്ട അഭിനയശൈലിയിലൂടെ ഏറെ ശ്രദ്ധേയനായ അദ്ദേഹം ഒരുഘട്ടത്തിൽ തിരശ്ശീലയിലെ തന്റെ സൈനിക കഥാപാത്രത്തെ യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.

1991ൽ പുറത്തിറങ്ങിയ ‘പ്രഹാർ: ദ ഫൈനൽ അറ്റാക്ക്’ എന്ന ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥനായ മേജർ പ്രതാപ് ചൗഹാനെയാണ് നാനാ പടേക്കർ അവതരിപ്പിച്ചത്. കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തിനൊപ്പം അദ്ദേഹം വർഷങ്ങളോളം കഠിന പരിശീലനം നേടി. ആയുധപരിശീലനം മുതൽ സൈനിക ജീവിതത്തിന്റെ അച്ചടക്കവും ശാരീരിക പരിശീലനവും വരെ അദ്ദേഹം നേരിട്ട് അനുഭവിച്ചു.

വർഷങ്ങൾക്കുശേഷം 1999ൽ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സിനിമയിൽ നേടിയ ആ പരിശീലനം മറ്റൊരു അർത്ഥം നേടി. യുദ്ധമുഖത്ത് സൈനികർക്കൊപ്പം നിൽക്കണമെന്ന ആഗ്രഹം നാനാ പടേക്കർ പ്രകടിപ്പിച്ചു. പ്രത്യേക അനുമതി നേടിയ ശേഷമാണ് അദ്ദേഹം കാർഗിലിലെത്തിയത്. തുടർന്ന് ക്വിക്ക് റെസ്പോൺസ് ടീമിന്റെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചു.

സിനിമയിൽ തോക്ക് പിടിച്ച് സൈനികനായി അഭിനയിച്ച ഒരാൾ യഥാർത്ഥ യുദ്ധമുഖത്ത് സൈനികർക്കൊപ്പം നിന്ന അപൂർവ അനുഭവമായിരുന്നു അത്. യുദ്ധത്തിന്റെ ഭാഗമാകാനായി ശ്രീനഗറിലെത്തിയപ്പോൾ 76 കിലോഗ്രാം ഉണ്ടായിരുന്ന നാനാ പടേക്കറുടെ ശരീരഭാരം ദിവസങ്ങൾക്കുള്ളിൽ 56 കിലോയിൽ എത്തി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ കാർഗിൽ അദ്ധ്യായം അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനപ്പുറമുള്ള ഒരു കഥ കൂടിയാണ്.

സിനിമയെ വെല്ലുന്ന അദ്ദേഹത്തിന്റെ ജീവിത കഥകൾ തീരുന്നില്ല. മരണത്തിന് വെറും നാല് ദിവസം മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒക്ടോബർ നാലിന് ഗോവയിലെ ഡോണപൗളയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'നമ്മളെല്ലാവരും ഒരിക്കൽ പോകേണ്ടവരാണ്. നാളെ ഞാൻ ഇവിടെ ഉണ്ടാകുമോ എന്ന് എനിക്കറിയില്ല.' എന്നായിരുന്നു നാനാ പടേക്കർ പറഞ്ഞത്.

ജീവിതം ഒരുനാൾ അപ്രതീക്ഷിതമായി അവസാനിക്കുമെന്ന് മനസിലാക്കി അതിനുമുമ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുണ്ടോ എന്ന് ഓരോരുത്തരും സ്വയം ചോദിക്കണമെന്നും അദ്ദേഹം അന്ന് പറഞ്ഞു. ഇന്ന് പുലർച്ചെ ഗോവയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ആശുപത്രിയിൽ എത്തിച്ച് ഏകദേശം 45 മിനിറ്റോളം സിപിആർ നൽകിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

അഞ്ച് പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിൽ ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ നാനാ പടേക്കർ, അഭിനയത്തിന് പുറത്തും സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ക‌ർഷക കുടുംബങ്ങളെ സഹായിക്കുന്ന 'നാം ഫൗണ്ടേഷൻ' ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. തിരശീലയ്ക്കുള്ളിലും ജീവിതത്തിലും ശക്തമായ ആദർശം പിന്തുടർന്നിരുന്ന നാനാ പടേക്കർ ഒടുവിൽ ബാക്കി വയ്ക്കുന്നതും അനശ്വരമായ കുറേ ഓർമകളാണ്.

English Summary

Nana Patekar, the veteran Bollywood actor and filmmaker, passed away at 75, leaving behind a remarkable legacy. Known for his distinctive performances, he underwent military training for his role in ‘Prahaar’ and later served alongside soldiers during the 1999 Kargil War. Four days before his death, he spoke about life and mortality at a Goa event.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANA PATEKAR, NANA PATEKAR DEATH, NANA PATEKAR KARGIL, NANA PATEKAR LAST WORDS, NANA PATEKAR BIOGRAPHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY