SignIn
Kerala Kaumudi Online
Monday, 12 October 2026 7.58 PM IST

'ഇർഫാന്റെ വിയോഗവാർത്ത കേട്ട് പൊട്ടിക്കരഞ്ഞു,​ അമ്മയോട് പറയുമ്പോൾ കണ്ണീരടക്കാനായില്ല'- ഓർത്തെടുത്ത് ബോളിവുഡ് നടൻ

irfan-khan-
ഇർഫാൻ ഖാൻ

ഇർഫാൻ ഖാനെ ഇത്രത്തോളം ഇഷ്ടപ്പെട്ടിരുന്നുവെന്ന് അദ്ദേഹത്തിന്റെ വിയോഗവാർത്ത അറിയുന്നതുവരെ താൻ തിരിച്ചറിഞ്ഞില്ലെന്ന് ബോളിവുഡ് നടൻ ഗുൽഷൻ ദേവയ്യ. പ്രിയതാരത്തിന്റെ മരണം തന്നെ എത്രത്തോളം തളർത്തിയെന്ന് ഓർത്തെടുക്കുകയാണ് താരം. ഫോണിൽ അമ്മയോട് സംസാരിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞുപോയെന്നും അപ്പോഴാണ് ഇർഫാനോടുള്ള തന്റെ ആരാധനയുടെ ആഴം മനസിലായതെന്നും ഗുൽഷൻ വെളിപ്പെടുത്തി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

2020 ഏപ്രിലിൽ മുംബയിലാണ് ഇർഫാൻ ഖാൻ വിടവാങ്ങിയത്. 53 വയസായിരുന്നു. ലഞ്ച്‌ബോക്‌സ് ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ ഇർഫാന്റെ മരണം തനിക്ക് മാത്രമല്ല, ലക്ഷക്കണക്കിന് ആരാധകർക്കും കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടതുപോലെയായിരുന്നുവെന്നും ഗുൽഷൻ പറഞ്ഞു.

'ഇർഫാന്റെ മരണവാർത്ത അറിഞ്ഞപ്പോൾ അമ്മയോട് ഫോണിൽ സംസാരിച്ചുകൊണ്ട് ഞാൻ കരയുകയായിരുന്നു. ഞാൻ അദ്ദേഹത്തെ ഇത്രയധികം ഇഷ്ടപ്പെട്ടിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് അമ്മ പറഞ്ഞു. അപ്പോൾ ഞാനും പറഞ്ഞു, എനിക്കും അത് അറിയില്ലായിരുന്നുവെന്ന്. അത്രമേൽ വ്യത്യസ്തനായ നടനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം പോലെയാണ് തോന്നിയത്,' -ഗുൽഷൻ ഓർത്തെടുത്തു.

irfan-khan-gulshan

ഇർഫാൻ ഖാൻ, ഗുൽഷൻ ദേവയ്യ

നാടകപഠനത്തിനായി പ്രത്യേക പരിശീലനം നേടാൻ പോയിട്ടില്ലാത്തതിനാൽ മികച്ച അഭിനേതാക്കളുടെ പ്രകടനങ്ങൾ നിരീക്ഷിച്ചാണ് താൻ അഭിനയ പാഠങ്ങൾ പഠിച്ചതെന്നും ഗുൽഷൻ പറഞ്ഞു. ഇർഫാൻ ഖാൻ തന്റെ അഭിനയജീവിതത്തെ ഏറെ സ്വാധീനിച്ച നടനാണെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇർഫാനെ അനുകരിക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ എന്റെ അഭിനയജീവിതത്തിലുടനീളം അദ്ദേഹം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇർഫാൻ ഖാൻ, മനോജ് ബാജ്‌പേയ്, ഡാനിയൽ ഡേ ലൂയിസ്, റോബർട്ട് ഡി നീറോ, കേറ്റ് വിൻസ്‌ലെറ്റ് തുടങ്ങിയവരുടെ പ്രകടനങ്ങൾ ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. ആരെയും അനുകരിക്കാതെ അവരിൽനിന്ന് പഠിക്കാനാണ് ശ്രമിച്ചത്,' ഗുൽഷൻ പറഞ്ഞു.

ഇർഫാൻ ഖാന്റെ അഭിനയത്തിലെ ഏറ്റവും വലിയ പ്രത്യേകത, അധികം ചലനങ്ങളോ ഭാവപ്രകടനങ്ങളോ ഇല്ലാതെതന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള കഴിവായിരുന്നുവെന്ന് ഗുൽഷൻ വിലയിരുത്തി. കണ്ണുകളിലൂടെയും ചെറിയ ഇടവേളകളിലൂടെയും സംഭാഷണങ്ങൾ വ്യത്യസ്തമായി അവതരിപ്പിച്ച് ഇർഫാൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു.

'അടുത്ത നിമിഷം ഇർഫാൻ എന്തുചെയ്യുമെന്ന് ആർക്കും പ്രവചിക്കാനാകില്ലായിരുന്നു. ദൈവം കനിഞ്ഞുനൽകിയ വലിയ കണ്ണുകൾക്ക് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുനിർത്താനുള്ള അപൂർവ സിദ്ധിയുണ്ടായിരുന്നു. സഹതാരത്തെ നോക്കുകപോലും ചെയ്യാതെ സംഭാഷണങ്ങൾ അവതരിപ്പിക്കുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭിനയരീതി തികച്ചും വ്യത്യസ്തമായിരുന്നു,' ഗുൽഷൻ പറഞ്ഞു. നിരവധി അഭിനേതാക്കളിൽനിന്ന് തനിക്ക് പ്രചോദനം ലഭിച്ചിട്ടുണ്ടെങ്കിലും ഇർഫാൻ അവരിൽ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നുവെന്നും ഗുൽഷൻ കൂട്ടിച്ചേർത്തു.

English Summary

Bollywood actor Gulshan Devaiah revealed his deep admiration for the late Irrfan Khan, recognizing its extent only after Khan's April 2020 demise at 53. Devaiah shared crying during a phone call, emphasizing Khan's significant influence on his acting career. He praised Khan's unique style, noting his ability to captivate audiences with minimal expressions and powerful, expressive eyes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRFAN KHAN, GULSAN DEVAIAH, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY