400 കുടുംബങ്ങളെ ദത്തെടുത്ത്, അവർക്ക് ഒരു വർഷത്തേക്ക് വേണ്ട പലചരക്ക് സാധനങ്ങൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് നടി രശ്മിക മന്ദാന. മൂന്ന് മാസം വീതമുള്ള ഇടവേളകളിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കും. പ്രൊജക്ട് അന്നപൂർണ എന്ന പേരിലാണ് നടി പുതിയ പ്രഖ്യാപനം നടത്തിയത്. മറ്റുള്ളവർക്കും ചെറിയ രീതിയിലെങ്കിലും സഹായമാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് നടി വ്യക്തമാക്കി.
ഏറ്റവും പുതിയ ചിത്രം രണബാലിയിലെ ജയമ്മ എന്ന കഥാപാത്രത്തിന് യഥാർത്ഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്ന് രശ്മിക പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നേരത്തെ ഇത്തരം സഹായം ചെയ്യുമ്പോൾ എല്ലാം മനസിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ താൻ ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് കരുതിയാണ് പരസ്യമാക്കാൻ തീരുമാനിച്ചതെന്ന് നടി പറഞ്ഞു.
'ഇന്ന് ഞാൻ 400 കുടുംബങ്ങളെ ദത്തെടുത്തു. മൂന്ന് മാസം വീതം 400 കുടുംബങ്ങളെ സഹായിക്കാനും അടുത്ത ഒരു വർഷത്തേക്ക് ഇത് തുടരാനും ഞാൻ ആഗ്രഹിക്കുന്നു. പലചരക്ക് സാധനങ്ങളുടെ പണം അവർക്ക് ലാഭിക്കാനും അവരുടെ ഭാവി മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനും ഇത് ഉപയോഗിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ചെറിയ കാരുണ്യ പ്രവൃത്തി പോലും ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കും, അത് വലുതായിരിക്കണമെന്നില്ല.. നമുക്ക് ചെറിയ കാര്യങ്ങളിൽ നിന്ന് ആരംഭിക്കാം'- രശ്മിക പറഞ്ഞു.
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹശേഷം ഒന്നിക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് രണബാലി. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16ന് റിലീസ് ചെയ്യും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിച്ച് ടി സീരിസ് ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. 19ാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് രണബാലി. ദ മമ്മി, ദ മമ്മി റിട്ടേൺസ്, ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം ആർനോൾഡ് വോസ്ലൂ ആണ് പ്രതിനായകൻ. പി.ആർ.ഒ: ആതിര ദിൽജിത്ത്.
Actress Rashmika Mandanna launched 'Project Annapoorna,' adopting 400 families. She will provide them free groceries for one year, delivered quarterly. The actress publicly revealed her plans, hoping to inspire others. Her upcoming film 'Ranabali,' co-starring Vijay Deverakonda, is set for an October 16 release.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |