SignIn
Kerala Kaumudi Online
Sunday, 31 May 2026 6.12 PM IST

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് രവി മോഹൻ, വമ്പൻ പ്രഖ്യാപനവുമായി സംവിധായകൻ

ravi-mohan-lokesh

സിനിമാ ലോകത്തെയും ആരാധകരെയും ഒരേപോലെ ആവേശത്തിലാഴ്ത്തി തമിഴ് സൂപ്പർതാരം രവി മോഹൻ ലോകേഷ് കനകരാജ് ഒരുക്കുന്ന 'ബെൻസ്' എന്ന ചിത്രത്തിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (എൽസിയു) ഭാഗമാകുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്റെ വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ കാരണം സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച നടനെ ഹൃദ്യമായ ഭാഷയിലാണ് ലോകേഷ് തന്റെ സിനിമയിലേക്ക് സ്വാഗതം ചെയ്തത്.

ഇന്ന് സോഷ്യൽ മീഡിയയിലൂടെയാണ് ലോകേഷ് കനകരാജ് ഇക്കാര്യം പുറത്തുവിട്ടത്. രവി മോഹനെ ടാഗ് ചെയ്തുകൊണ്ട്, 'യൂണിവേഴ്സിലേക്ക് സ്വാഗതം രവി മോഹൻ സർ,' എന്ന് ലോകേഷ് കുറിച്ചു. ഹഗ്, ഹാർട്ട് ഇമോജികൾക്കൊപ്പമായിരുന്നു പോസ്റ്റ്. വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങളും സൈബർ ആക്രമണങ്ങളും തന്നെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്ന് അടുത്തിടെ ഒരു വാർത്താ സമ്മേളനത്തിൽ രവി മോഹൻ തുറന്നുപറഞ്ഞിരുന്നു. ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ പുതിയ സിനിമകളൊന്നും റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിലായിരുന്നു താരം.

2009ലായിരുന്നു രവിയും ആരതിയും വിവാഹിതരായത്. എന്നാൽ നീണ്ട നാളത്തെ ദാമ്പത്യത്തിനൊടുവിൽ 2024ൽ ഇരുവരും വേർപിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിലവിൽ ചെന്നൈ കുടുംബ കോടതിയിൽ ഇവരുടെ വിവാഹമോചനക്കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഗായിക കെനിഷ ഫ്രാൻസിസുമായി നടൻ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. തുടക്കത്തിൽ താൻ രവിയുടെ ഒരു സുഹൃത്ത് മാത്രമാണെന്നാണ് കെനിഷ പറഞ്ഞിരുന്നത്. എന്നാൽ, 2025ൽ ഇരുവരും ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ച് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.

എന്നാൽ, അടുത്തിടെ കെനിഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു കുറിപ്പ് ഇരുവരും വേർപിരിഞ്ഞെന്ന സൂചനയാണ് നൽകുന്നത്. 'ഞാൻ ഈ കഥയിലേക്ക് വന്നത് സ്‌നേഹത്തോടെയാണ്, ഇപ്പോൾ മടങ്ങുന്നത് നിശബ്ദതയോടെയാണ്,' എന്നായിരുന്നു കെനിഷയുടെ പോസ്റ്റ്. വ്യക്തിജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴും, ലോകേഷ് കനകരാജ് ചിത്രത്തിലൂടെയുള്ള രവി മോഹന്റെ തിരിച്ചുവരവ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാവുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAVI MOHAN, LOKESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY