SignIn
Kerala Kaumudi Online
Saturday, 27 June 2026 9.04 AM IST

'ഞാൻ കൈഞരമ്പ് മുറിച്ചു, വിവാഹമോചനം ഉണ്ടാകുന്നതുവരെ ഇനി അഭിനയിക്കില്ല' പൊട്ടിക്കരഞ്ഞുകൊണ്ട് നടൻ രവി മോഹൻ

READ ENGLISH VERSION
ravi-mohan

ചെന്നൈ: ഗായിക കെനീഷ ഫ്രാൻസിസ് ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് നടൻ രവി മോഹൻ. ഭാര്യ ആരതിയുമായുള്ള വിവാഹമോചനം ഉണ്ടാകുന്നതുവരെ അഭിനയം നിർത്തുകയാണെന്നും താരം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

'മതിയായി. ഇത്രയും നാൾ ഞാൻ മിണ്ടാതിരുന്നു. എന്നാലിപ്പോൾ പ്രതികരിക്കേണ്ട സമയമായി. ജയം രവി ഒരു പാവമാണെന്നാണ് എല്ലാവരും കരുതുന്നത്. ഞാൻ അങ്ങനെയായിരുന്നു. എന്നാലിനി അല്ല. ചിലർ എന്റെ ക്ഷമ പരീക്ഷിക്കുകയാണ്. എന്നോട് നേരിട്ട് ഏറ്റുമുട്ടാൻ അവരോട് ആവശ്യപ്പെടുകയാണ്. വിവാഹമോചനം പൂർത്തിയാകുന്നതുവരെ ഇനി അഭിനയിക്കില്ല.

എന്റെ മക്കളെ കാണാൻ അവർ അനുവദിക്കുന്നില്ല. എന്റെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം കഴിച്ചത്. അതിന്റെ വിലയാണിപ്പോൾ ഞാൻ അനുഭവിക്കുന്നത്. ഞാൻ കൈഞരമ്പ് മുറിച്ചു, എന്നിട്ടും പിറ്റേന്ന് ഷൂട്ടിംഗിനായെത്തി. അതാണ് എന്റെ പ്രതിബദ്ധത. പക്ഷേ ഇപ്പോൾ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഫെമിനിസത്തിന്റെ പേരിൽ ആളുകൾ അനാവശ്യ മുതലെടുപ്പ് നടത്തുന്നു. ഫെമിനിസത്തെക്കുറിച്ച് ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. എന്റെ മാതാപിതാക്കൾ എന്നെ നന്നായാണ് വളർത്തിയത്.

സൈബർ ആക്രമണത്തിന് ഒരു പരിധിയുണ്ട്. എന്റെ കൈവശം തെളിവുണ്ട്. അവയെല്ലാം ഞാൻ പുറത്തുകൊണ്ടുവരും. ഞാൻ അനുഭവിച്ച പീഡനങ്ങൾ മുതൽ എല്ലാം പുറത്തുവിടും. കെനീഷയെ നിങ്ങൾ പറഞ്ഞയച്ചു. അവൾക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു'- എന്നിങ്ങനെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് രവി മോഹൻ പറഞ്ഞത്.

വാർത്താസമ്മേളനത്തിൽ ഒരു നടിയെയും താരം വിമർശിച്ചു. 'ഫെമിനിസം പ്രസംഗിക്കുന്നതിൽ ഈ നിഷ്‌ക്രിയ നടിക്ക് യാതൊരു കാര്യവുമില്ല. കുടുംബങ്ങളെ തകർത്തതിനുശേഷം പൊതുവേദികളിൽ സ്ത്രീവാദത്തെക്കുറിച്ച് സംസാരിക്കാൻ അവർക്ക് എന്ത് യോഗ്യതയാണുള്ളത്?'- എന്നായിരുന്നു നടന്റെ വിമർശനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAVIMOHAN, KENEESHA FRANCIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY