
തമിഴ്‌നടൻ രവി മോഹനെതിരെ ആഞ്ഞടിച്ച് ഭാര്യാമാതാവ് സുജാത വിജയകുമാർ. രവി മോഹൻ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സുജാത മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം രവി വാർത്താസമ്മേളനത്തിൽ ഭാര്യയായ ആർതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് സുജാത രംഗത്തെത്തിത്. ആർതി കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്ന ആരോപണം വ്യാജമാണെന്നും അവർ വ്യക്തമാക്കി.
'ഒരു വർഷമായി കോടതിയിരിക്കുന്ന വിഷയമാണ് രവി മോഹൻ ഇപ്പോൾ പരസ്യമായി പറഞ്ഞിരിക്കുന്നത്. ഇതിന് മുൻപും ഒരുപാട് വ്യാജ ആരോപണങ്ങൾ ഞങ്ങൾക്കെതിരെ ഉയർത്തിയിരുന്നു. കേസ് കോടതിയിൽ നടക്കുന്നതുകൊണ്ടാണ് അതിനൊന്നും മറുപടി പറയാതിരുന്നത്. അദ്ദേഹത്തിന്റെ സമ്മർദം എന്താണെന്ന് അറിയില്ല. എല്ലാ ആരോപണങ്ങൾക്കും മറുപടിയുണ്ടാകും. പക്ഷേ അത് നിയമോപദേശം തേടിയതിന് ശേഷം മാത്രമാകും.
2008ൽ വികടൻ മാസികയിൽ ഒരു അഭിമുഖം വന്നിരുന്നു. അത് കിട്ടുമോ എന്നാണ് ഞാനിപ്പോൾ അന്വേഷിക്കുന്നത്. ആര് ആരെയാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്നും ആരാണ് വിവാഹം കഴിക്കാനായി ഞരമ്പ് മുറിച്ചതെന്നും അതിലുണ്ട്. എന്റെ പേരക്കുട്ടി പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. അവൻ ഈ പ്രശ്നങ്ങൾ കാരണം വെെകാരികമായി വലിയ പിരിമുറുക്കമാണ് അനുഭവിക്കുന്നത്. ആ കുട്ടികൾ കാണാൻ പാടില്ലാത്തതെല്ലാം കാണുകയും കേൾക്കാൻ പാടില്ലാത്തതെല്ലാം കേൾക്കുകയും ചെയ്തു. വലിയ മനോവിഷമത്തിലാണ് അവരുള്ളത്'- സുജാത പറഞ്ഞു.
ഗായിക കെനീഷ ഫ്രാൻസിസ് ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് നടൻ രവി മോഹൻ രംഗത്തെത്തിയിരുന്നു. ഭാര്യ ആർതിയുമായുള്ള വിവാഹമോചനം ഉണ്ടാകുന്നതുവരെ അഭിനയം നിർത്തുകയാണെന്നും താരം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
'മതിയായി. ഇത്രയും നാൾ ഞാൻ മിണ്ടാതിരുന്നു. എന്നാലിപ്പോൾ പ്രതികരിക്കേണ്ട സമയമായി. ജയം രവി ഒരു പാവമാണെന്നാണ് എല്ലാവരും കരുതുന്നത്. ഞാൻ അങ്ങനെയായിരുന്നു. എന്നാലിനി അല്ല. ചിലർ എന്റെ ക്ഷമ പരീക്ഷിക്കുകയാണ്. എന്നോട് നേരിട്ട് ഏറ്റുമുട്ടാൻ അവരോട് ആവശ്യപ്പെടുകയാണ്. വിവാഹമോചനം പൂർത്തിയാകുന്നതുവരെ ഇനി അഭിനയിക്കില്ല.
എന്റെ മക്കളെ കാണാൻ അവർ അനുവദിക്കുന്നില്ല. എന്റെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം കഴിച്ചത്. അതിന്റെ വിലയാണിപ്പോൾ ഞാൻ അനുഭവിക്കുന്നത്. ഞാൻ കൈഞരമ്പ് മുറിച്ചു, എന്നിട്ടും പിറ്റേന്ന് ഷൂട്ടിംഗിനായെത്തി. അതാണ് എന്റെ പ്രതിബദ്ധത. പക്ഷേ ഇപ്പോൾ എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. ഫെമിനിസത്തിന്റെ പേരിൽ ആളുകൾ അനാവശ്യ മുതലെടുപ്പ് നടത്തുന്നു. ഫെമിനിസത്തെക്കുറിച്ച് ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. എന്റെ മാതാപിതാക്കൾ എന്നെ നന്നായാണ് വളർത്തിയത്.
സൈബർ ആക്രമണത്തിന് ഒരു പരിധിയുണ്ട്. എന്റെ കൈവശം തെളിവുണ്ട്. അവയെല്ലാം ഞാൻ പുറത്തുകൊണ്ടുവരും. ഞാൻ അനുഭവിച്ച പീഡനങ്ങൾ മുതൽ എല്ലാം പുറത്തുവിടും. കെനീഷയെ നിങ്ങൾ പറഞ്ഞയച്ചു. അവൾക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു'- എന്നിങ്ങനെയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് രവി മോഹൻ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |