SignIn
Kerala Kaumudi Online
Wednesday, 15 July 2026 12.25 PM IST

'ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണ്, ഭാരപ്പെട്ട ദിവസങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കുകയാണ്'; കുബേരൻ നായിക

READ ENGLISH VERSION

uma-shankari
ഉമാ ശങ്കരി

ദീലീപ് നായകനായ കുബേരൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ഉമാ ശങ്കരി. തെലുങ്ക്, തമിഴ് സിനിമകളിലടക്കം സജീവമായിരുന്ന നടി വിവാഹശേഷമാണ് അഭിനയരംഗത്തുനിന്ന് വിട്ടുനിന്നത്. ഈ അടുത്താണ് തനിക്ക് സ്‌തനാർബുദം സ്ഥിരീകരിച്ച വിവരം താരം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, ചികിത്സകൾ പുരോഗമിക്കുകയാണെന്നും കീമോതെറാപ്പിയുടെ രണ്ടാം ഘട്ടം ആരംഭിച്ചെന്നും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ഉമാ ശങ്കരി.

സ്‌തനാർബുദമാണെന്ന് തിരിച്ചറിഞ്ഞ ആദ്യ നാളുകളിൽ വലിയ മാനസികാഘാതത്തിലൂടെയാണ് കടന്നുപോയതെന്നും പതിയെ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുകയായിരുന്നെന്നും താരം പറയുന്നു. 'കീമോ/ഇമ്മ്യൂണോയുടെ രണ്ടാം ഘട്ടമാണ്. ഒരു ദിവസം രണ്ടുവീതം എടുക്കുന്നുണ്ട്. ഭാരമുള്ള ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാൻ പഠിക്കുകയാണ്. എനിക്ക് ശക്തിയുണ്ടെന്ന് തോന്നുന്ന ദിവസങ്ങളെ ആഘോഷിക്കുകയാണ്. എപ്പോഴും എന്നോടൊപ്പം നിൽക്കുന്ന കുടുംബത്തിനും സ്‌നേഹവും പിന്തുണയും നൽകുന്ന എന്റെ ആരാധകർക്കും നന്ദി. സുഖം പ്രാപിച്ചുവരുന്നുണ്ട്. പുരോഗതി പൂർണമല്ല, പക്ഷേ അത് യാഥാർത്ഥ്യമാണ്'- ഉമ ശങ്കരി സോഷ്യൽ മീഡിയയിൽ കുറിച്ചു.

രോഗം സ്ഥിരീകരിച്ച നാളുകളിൽ തനിക്കെങ്ങനെ രോഗം വന്നു, എന്തുകൊണ്ട് രോഗം വന്നു തുടങ്ങി നിരവധി ചോദ്യങ്ങൾ മനസിനെ അലട്ടിയിരുന്നതായി താരം നേരത്തെ പറഞ്ഞിരുന്നു. രോഗം സ്ഥിരീകരിച്ചെന്ന തിരിച്ചറിവ് എളുപ്പമുള്ള കാര്യമാണെന്ന് പറഞ്ഞ് അഭിനയിക്കുന്നില്ലെന്നും തനിക്ക് രോഗം പിടിപെട്ടെന്ന കാര്യം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നുമാണ് താരം അന്ന് പറഞ്ഞത്. കഴിഞ്ഞ മാസമാണ് തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരം താരം ആരാധകരുമായി പങ്കുവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UMA SHANKARI, CELEBRITY NEWS, CANCER, MOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY