SignIn
Kerala Kaumudi Online
Friday, 18 September 2026 2.43 PM IST

അമ്മത്തണലിൽ അബിഗേൽ

READ ENGLISH VERSION
kidnaping

 ആശ്രാമം മൈതാനത്ത് കുട്ടിയെ കണ്ടെത്തിയത് കോളേജ് വിദ്യാർത്ഥികൾ

 തട്ടിക്കൊണ്ടുപോകലിന് ചുക്കാൻപിടിച്ച യുവതിയെ പൊലീസ് പിടികൂടി

കൊല്ലം: പൊന്നുമുത്തേ... വിതുമ്പിക്കൊണ്ട് അബിഗേലിന്റെ നെറ്റിയിൽ അമ്മ ചുംബിച്ചു. കുരുന്നിന്റെ ചിരി തേങ്ങലായി. അമ്മയെ കെട്ടിപ്പിടിച്ചു. ഇരുവരും പൊട്ടിക്കരഞ്ഞു. കൊല്ലം എ.ആർ ക്യാമ്പിൽ ഇന്നലെ വൈകിട്ടു കണ്ട ഈ ദൃശ്യം ഉച്ചയ്ക്ക് കേരളക്കരയാകെ പൊഴിച്ച ആനന്ദക്കണ്ണീരിന്റെ അലങ്കാരമായി.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 21-ാം മണിക്കൂറിലാണ് ജനകോടികളുടെ പ്രാർത്ഥന സഫലമായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കൊല്ലം നഗര ഹൃദയത്തെ ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിച്ച് രക്ഷപ്പെട്ട യുവതി വൈകാതെ കസ്റ്റഡിയിലായി. ഇവർ സംഭവത്തിന്റെ സൂത്രധാരനായ കുപ്രസിദ്ധ മോഷ്ടാവിന്റെ സഹോദര പുത്രിയാണെന്നാണ് സംശയം. ഉച്ചയ്ക്ക് രണ്ടരയോടെ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്കു സമീപത്തു നിന്ന് യുവതിയെ പിടികൂടിയെന്നാണ് വിവരം.

ചിട്ടി തട്ടിപ്പ് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. ഇവരെ ഡി.ഐ.ജി നിശാന്തിനിയുടെ നേതൃത്വത്തിൽ ചോദ്യംചെയ്തുവരികയാണ്. മോഷ്ടാവും ഉടൻ കുടുങ്ങിയേക്കും.

മൈതാനത്തെ ഇരിപ്പിടത്തിൽ ഏകയായി അബിഗേലിനെ കണ്ടത് കൊല്ലം എസ്.എൻ കോളേജ് വിദ്യാർത്ഥിനി ധനഞ്ജയയും രണ്ടു കൂട്ടുകാരുമാണ്. പരീക്ഷയെഴുതി വരികയായിരുന്ന ഇവർ ഇരിപ്പിടത്തിൽ വിശ്രമിക്കാനിരുന്നു. അപ്പോൾ തൊട്ടടുത്ത് സ്ത്രീയും കുട്ടിയും ഉണ്ടായിരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ ആ സ്ത്രീ വേഗത്തിൽ നടന്നുപോയി. തിരിച്ചെത്താതായതോടെ ധനഞ്ജയ കുഞ്ഞിനരികിലെത്തി. അമ്മ എവിടേക്ക് പോയെന്ന് ചോദിച്ചപ്പോൾ പപ്പയെ വിളിക്കാനെന്നു പറഞ്ഞു. സംശയം തോന്നി ഫോണിലുണ്ടായിരുന്ന ചിത്രം പരിശോധിച്ചപ്പോഴാണ് അബിഗേലാണെന്ന് മനസിലായത്. ഉടൻ പൊലീസിനെ അറിയിച്ചു. അവരെത്തി കുഞ്ഞിനെ എ.ആർ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി.

എ.ആർ ക്യാമ്പിൽ വച്ച് വീഡിയോ കാൾ വിളിച്ച് അമ്മയെ കാണിച്ചു. വിക്ടോറിയ ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാരെത്തി ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. ഇതിനിടെ അച്ഛൻ റെജി എ.ആർ ക്യാമ്പിലേക്ക് പാഞ്ഞെത്തി. അബിഗേലിനെ വാരിയെടുത്ത് മാറോടണച്ചു. അച്ഛന്റെ ഫോണിൽ വീഡിയോ കാൾ വിളിച്ച് അമ്മയുമായി വീണ്ടും സംസാരിച്ചു. പിന്നെയും കാത്തിരിക്കാൻ കഴിയാത്ത അമ്മ അഞ്ചരയോടെ എ.ആർ ക്യാമ്പിലെത്തുകയായിരുന്നു. അബിഗേലിനെ നിരീക്ഷണത്തിനായി കൊല്ലം വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

രാത്രി വലിയൊരു വീട്ടിൽ ആയിരുന്നെന്നും ഒരു ആന്റിയും നാല് ആണുങ്ങളും ഒപ്പമുണ്ടായിരുന്നെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

പട്ടാപ്പകൽ ഓട്ടോയിൽ

കൊല്ലം ട്രാൻ. ഡിപ്പോയ്ക്ക് സമീപം ആശ്രാമം ലിങ്ക് റോഡിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറിയാണ് സ്ത്രീ അബിഗേലുമായി ആശ്രാമം മൈതാനത്ത് എത്തിയത്. ഇളം മഞ്ഞ ചുരിദാർ ധരിച്ചിരുന്ന സ്ത്രീ തലയിലൂടെ ഷാൾ ഇട്ടിരുന്നതിനു പുറമേ മാസ്കും വച്ചിരുന്നെന്ന് ഓട്ടോ ഡ്രൈവർ അഞ്ചാലുംമൂട് സ്വദേശി സജീവ് പൊലീസിനോട് പറഞ്ഞു. അബിഗേലിനെയും മാസ്ക് ധരിപ്പിച്ചിരുന്നു. കുട്ടി അബിഗേലാണെന്ന് സജി ആദ്യം തിരിച്ചറിഞ്ഞില്ല. അബിഗേലിനെ കണ്ടെത്തിയത് അറിഞ്ഞതോടെ തന്റെ ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് മനസിലായി സ്റ്റേഷനിലെത്തി.

പൊലീസ് വീഴ്ച?​

നാടാകെ ആശ്വസിക്കുമ്പോഴും പൊലീസിനെതിരെ ചില ചോദ്യങ്ങളുയരുന്നു. ഒരു രാത്രിയും ഇന്നലെ ഉച്ചവരെയും കാടിളക്കി പരിശോധിച്ചിട്ടും കൺവെട്ടത്ത് പ്രതികളുണ്ടെന്ന സൂചന പോലും കിട്ടിയില്ലേ?​

അവൾക്കായി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി.

സിജി

(അബിഗേലിന്റെ അമ്മ)

എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

ജോനാഥൻ

(അബിഗേലിന്റെ സഹോദരൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDNAP, ABIGAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA