
കോട്ടയം : മൂന്നരപ്പതിറ്റാണ്ട് മുമ്പ് ടോമിൻ ജെ തച്ചങ്കരിയുടെ കോപത്തിനിരയായ മിത്രകരി കരിവേലിത്തറയിൽ കുടുംബം നടത്തിയ പോരാട്ടമാണ് തച്ചങ്കരിയെ തടവറയിലെത്തിച്ചത്. ഇതുവരെ വിജിലൻസ് കേസ് നടത്താൻ 80 ലക്ഷത്തിലേറെ രൂപ ചെലവായെന്ന് പരാതിക്കാരനായ ബോബി പറയുന്നു.
1990 ഒക്ടോബറിൽ തച്ചങ്കരി ആലപ്പുഴ എ.എസ്.പിയായിരുന്ന കാലം. തച്ചങ്കരിയുടെ ബന്ധുവുമായി കെ.എൽ. കുരുവിളയും മക്കളായ ബോബിയും അലക്സാണ്ടറും ഉരസി. പക്ഷേ, തോക്കു ചൂണ്ടി വധിക്കാൻ ശ്രമിച്ചെന്ന് കേസ് ചുമത്തി. തുടർന്ന് പൊലീസിന്റെ നിരന്തര വേട്ടയാടലുകൾ. ഡി.ജി.പിക്ക് നൽകിയ പരാതിക്കൊടുവിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പരാതി വ്യാജമെന്ന് കണ്ടെത്തി. കുരുവിളയും മക്കളും അന്ന് തുടങ്ങിയതാണ് പോരാട്ടം.
1995ൽ തച്ചങ്കരിയുടെ അനധികൃത സ്വത്തിനെതിരെ കുരുവിള പരാതി നൽകി. പൊലീസിൽ ജോലിയിലിരിക്കെ തച്ചങ്കരിയുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ മ്യൂസിക് കൺസേർട്ട് എന്ന പരസ്യം അമേരിക്കയിലെ ഒരു മലയാളം പത്രത്തിൽ വന്നത് ഹാജരാക്കിയായിരുന്നു പരാതി. കുരുവിള മരിച്ചെങ്കിലും ബോബിയും അലക്സാണ്ടറും പോരാട്ടം ഉപേക്ഷിച്ചില്ല. ബോബി ഹൈക്കോടതിയിൽ 12 തവണയാണ് റിട്ട് ഫയൽ ചെയ്തത്. സുപ്രീം കോടതിയിലും കേസ് നടത്തി. ഒടുവിൽ 2003 ജനുവരി മുതൽ 2007 ജൂലായ് വരെയുള്ള കാലത്തെ സ്വത്തുസമ്പാദനം മാത്രം വിജിലൻസ് അന്വേഷിച്ചു. 2007ൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ആറിടങ്ങളിൽ റെയ്ഡ് ഉൾപ്പെടെ നടത്തിയെങ്കിലും 2013 ലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. പിന്നീട്, മൂവാറ്റുപുഴ കോടതിയിലേയ്ക്കും അവിടെ നിന്ന് കോട്ടയത്തേയ്ക്കും കേസ് മാറി. കേസ് നീണ്ടുപോയപ്പോഴും തളരാതെ പോരാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |