SignIn
Kerala Kaumudi Online
Tuesday, 30 June 2026 7.27 PM IST

'നീതിയുടെ വെളിച്ചം കണ്ടു': ടിനി ടോമിനെതിരെ കേസെടുക്കാമെന്ന കോടതി നി‌ർദേശത്തിൽ പ്രതികരിച്ച് അൻസിബ

READ ENGLISH VERSION

ansiba-hassan
അൻസിബ ഹസൻ

കോഴിക്കോട്: നടൻ ടിനി ടോമിനെതിരെ കേസെടുക്കാമെന്ന കോടതി നി‌ർദേശത്തിൽ പ്രതികരണവുമായി നടി അൻസിബ ഹസൻ. കോടതി നിർദേശത്തിൽ സന്തോഷമുണ്ടെന്ന് പ്രതികരിച്ച അൻസിബ തനിയ്ക്ക് നീതി കിട്ടിയെന്നും കൂട്ടിച്ചേർത്തു.

പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറാകാതിരുന്ന പൊലീസിനെയും താരം വിമർശിച്ചു. നീതി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകുന്നതെന്നും എന്നാൽ അവിടെ നിന്നും അത് കിട്ടാതായപ്പോൾ നിരാശയും വേദനയുമായിരുന്നു തോന്നിയതെന്നും അവർ പറഞ്ഞു. തന്റെ പരാതിയിൽ കുറ്റാരോപിതരുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതിൽ ആശങ്കയുണ്ടായിരുന്നെന്ന് പറഞ്ഞ താരം കോടതി നിർദേശത്തിന് പിന്നാലെ നീതിയുടെ വെളിച്ചം കണ്ടുവെന്നും കൂട്ടിച്ചേർത്തു.

അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ ഇന്നാണ് കോടതി പൊലീസിന് നിർദേശം നൽകിയത്. വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ നിർദേശം. സ്‌ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള പരാതികളെല്ലാം അന്വേഷിക്കണമെന്നും നിർദേശത്തിലുണ്ട്.

അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു മുമ്പ് കടവന്ത്ര പൊലീസെടുത്ത നിലപാട്. ഇതിനെതിരെ അൻസിബ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് താൻ രാജിവയ്‌ക്കാൻ കാരണം ടിനി ടോമിന്റെ മാനസിക പീഡനങ്ങളാണെന്ന് അൻസിബയുടെ പരാതിയിൽ പറയുന്നുണ്ട്. ടിനി ടോം തന്നെ 'ജിഹാദി' എന്ന് വിളിക്കുകയും മതപരിവർത്തനം ആരോപിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്‌തുവെന്നും പരാതിയിലുണ്ട്. മറ്റൊരു താരമായ നീന കുറിപ്പിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANSIBA HASSAN, TINY TOM, POLICE CASE, COURTORDER, MALAYALAM CINEMA, AMMA ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA