SignIn
Kerala Kaumudi Online
Wednesday, 03 June 2026 4.18 PM IST

തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടയിൽ വിറ്റ് പണം വാങ്ങി; എറണാകുളത്ത് എഎസ്‌‌ഐക്ക് സസ്‌പെൻഷൻ

police

കൊച്ചി: പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് ആക്രിക്കടക്കാരന് വിറ്റ എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ. എറണാകുളം മുളന്തുരുത്തി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സജുമോനെയാണ് റൂറൽ എസ്‌പി സസ്‌പെൻഡ് ചെയ്‌തത്. സ്റ്റേഷൻ ഇൻസ്‌പെക്‌ടറുടെ പോലും അനുമതിയില്ലാതെയായിരുന്നു എഎസ്‌ഐ രഹസ്യമായി വാഹനം വിറ്റത്.

വാഹനാപകടത്തെത്തുടർന്ന് കഴിഞ്ഞ ഒമ്പത് മാസമായി മുളന്തുരുത്തി സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് സജുമോൻ വിറ്റത്. ഇതിന്റെ പണവും ആക്രിക്കാരനിൽ നിന്നും ഇയാൾ കൈപ്പറ്റി. വിവരം പുറത്തായതോടെ സ്‌പെഷ്യൽ ബ്രാഞ്ച് ഇതേക്കുറിച്ച് രഹസ്യാന്വേഷണം നടത്തി. ശേഷം റൂറൽ എസ്‌പിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

സംഭവം വിവാദമായതോടെ വിറ്റ ബൈക്ക് സ്റ്റേഷനിൽ തിരിച്ചെത്തിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ച വാഹന ഉടമയുടെ ബന്ധുക്കളുടെ അറിവോടെയും പൂർണ സമ്മതത്തോടെയുമാണ് ബൈക്ക് വിറ്റതെന്നായിരുന്നു സജുമോൻ നൽകിയ വിശദീകരണം. എന്നാൽ, കേസിലെ തൊണ്ടിമുതൽ സ്റ്റേഷന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ പുറത്തേക്ക് വിൽക്കാൻ പാടില്ലെന്നാണ് നിയമം. എഎസ്‌ഐയുടെ ഭാഗത്ത് ഗുരുതര വീഴ്‌ചയും നിയമലംഘനവും ഉണ്ടായതായി അന്വേഷണത്തിൽ വ്യക്തമായതോടെയാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണവും തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASI, SUSPENSION, SCRAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA