SignIn
Kerala Kaumudi Online
Wednesday, 03 June 2026 5.33 PM IST

'കെ എം ബഷീറിന്റെ കൊലയാളിക്കൊപ്പം ഇരിക്കില്ല'; പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ, സ്വയം ഇറങ്ങിപ്പോയി ശ്രീറാം വെങ്കിട്ടരാമൻ

READ ENGLISH VERSION
sriram-venkitaraman-

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാർത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാദ്ധ്യമപ്രവർത്തകരുടെ പ്രതിഷേധം. കെ എം ബഷീറിന്റെ കൊലയാളി വാർത്താ സമ്മേളനത്തിൽ വേണ്ടെന്ന് മാദ്ധ്യമപ്രവർത്തകർ നിലപാടെടുക്കുകയായിരുന്നു. ഇതോടെ വാർത്താ സമ്മേളനത്തിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ ഇറങ്ങിപ്പോയി.

ഇതൊന്ന് പൂർത്തീകരിച്ചിട്ട് പറയാമെന്ന് പറഞ്ഞ് മന്ത്രി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മാദ്ധ്യമപ്രവർത്തകർ എഴുന്നേറ്റ് പോകാൻ തുടങ്ങുകയായിരുന്നു. പിന്നാലെ താൻ ഇറങ്ങിക്കോളാം എന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമൻ നിയമസഭയിലെ മീഡിയ റൂമിൽ നിന്ന് ഇറങ്ങിപ്പോയി.

മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. രണ്ടാം പ്രതിയായിരുന്ന വഫ ഫിറോസിനെ കോടതി കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചാണ് കെ എം ബഷീർ മരിച്ചത്.

തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു ബഷീറിനെ ഇടിച്ച കാർ. വാഹനമോടിച്ചത് വഫയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ ശ്രീറാം ആണ് കാറോടിച്ചിരുന്നതെന്ന് തെളിയുകയായിരുന്നു. കേസിൽ വിചാരണ ഓഗസ്റ്റിന് ഒന്ന് മുതൽ തുടങ്ങുമെന്നാണ് വിവരം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279,201,304, മോട്ടർ നിയമം 184 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PROTEST, MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA