SignIn
Kerala Kaumudi Online
Sunday, 04 October 2026 8.03 PM IST

കാറോടിച്ചത് ബാലഭാസ്‌കറെന്ന് ഡ്രൈവർ അർജുൻ വീണ്ടും

balabhaskar

തൃശൂർ: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നുവെന്ന് ഡ്രൈവർ അർജുൻ സി.ബി.ഐ സംഘത്തോടും ആവർത്തിച്ചു. അർജുനെ തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് സംഘം നൽകുന്ന സൂചന. താൻ പിൻസീറ്റിൽ ഉറങ്ങുകയായിരുന്നുവെന്നും, ഉഗ്രശബ്ദം കേട്ട്ഞെട്ടി ഉണരുകയായിരുന്നുവെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും അർജുൻ പറഞ്ഞു. നേരത്തെ കേസ് അന്വേഷിച്ച പൊലീസിനും ക്രൈംബ്രാഞ്ചിനും നൽകിയ മൊഴി ആവർത്തിക്കുകയായിരുന്നു .അപകടത്തിൽ പരിക്കേറ്റതിൻ്റെ മെഡിക്കൽ രേഖകളും പരിക്കേറ്റതിന്റെ ഫോട്ടോകളും സി.ബി.ഐ സംഘത്തിന് കൈമാറി. തൃശൂരിലെത്തി ബാലഭാസ്‌കർ താമസിച്ച ഹോട്ടലിൽ നിന്നുള്ള താമസ രേഖകളുൾപ്പെടെ സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരൻ നായർ, ഡിവൈ.എസ്.പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വൈകിട്ട് മൂന്നരയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ ആറ് വരെ തുടർന്നു.

ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ട്. ഡ്രൈവിംഗ് സീറ്റിന്റെ മുൻവശത്തെ കണ്ണാടിയിൽ നിന്ന് ലഭിച്ച മുടി അർജുന്റേതാണെന്നാണ് ഫോറൻസിക് പരിശോധനയിൽ വ്യക്തമായത്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയത് കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലായിരുന്നു ക്രൈം ബ്രാഞ്ച്.

ദേശീയ പാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജംഗ്ഷന് സമീപം 2018 സെപ്തംബർ 25 ന് പുലർച്ചെയായിരുന്നു അപകടം. ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല എന്നിവർക്കൊപ്പം തൃശൂരിൽ ക്ഷേത്ര വഴിപാടുകൾക്കായി പോയി മടങ്ങുമ്പോഴായിരുന്നു അപകടം. മകൾ സംഭവ സ്ഥലത്തും ബാലഭാസ്‌കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയും മരിച്ചു. അമിത വേഗതയിൽ വാഹനം റോഡരികിലെ മരത്തിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. .

അർജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിംഗ് സീറ്റിൽ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മൊഴി. ഇതിനിടെ, ബാലഭാസ്‌കറിന്റെ മുൻ മാനേജർ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വർണം കടത്തിയ കേസിൽ പ്രതിയായതോടെയാണ്, സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങളും ഉയർന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BALABHASKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA