SignIn
Kerala Kaumudi Online
Saturday, 04 July 2026 12.46 PM IST

പ്രഭാതം മുതൽ ചോറും കറിയും ഇത് ബംഗാളി ഹോട്ടൽ , ബംഗള വിഭവങ്ങളുമായി തൊടുപുഴയിൽ ഭക്ഷണശാല

bhaimar
തൊടുപുഴയിലെ ബംഗാളി ഹോട്ടലിൽ തങ്ങളുടെ ഭക്ഷണവിഭവങ്ങൾക്കായി കാത്ത് നിൽക്കുവർ

തൊടുപുഴ: 'സേട്ടാ... രുചിയുള്ള നല്ല ബംഗാളി ഫുഡ് കഴിച്ച കാലം മറന്നൂ..." കെട്ടിടനിർമ്മാണ രംഗത്ത് ഡ്രൈവറായി പ്രവർത്തിച്ചിരുന്ന തൊടുപുഴ കുമ്പംകല്ല് സ്വദേശിയായ ഷിയാസിനോട് ഇഷ്ടഭക്ഷണം കഴിക്കാനാകാത്തതിന്റെ വിഷമം ബംഗാളി സുഹൃത്തുക്കൾ പലപ്പോഴും പറയുമായിരുന്നു. അങ്ങനെയാണ് തൊടുപുഴ ടൗൺഹാളിന് സമീപത്തെ കെട്ടിടത്തിൽ 'ബംഗാളി ഹോട്ടൽ" തുടങ്ങാൻ ഷിയാസ് തീരുമാനിച്ചത്. പേരുപോലെ ഹോട്ടലാകെ ബംഗാളിമയമാണ്. വിഭവങ്ങളെല്ലാം ബംഗാളി. പാചകക്കാരനും സപ്ലൈയറുമെല്ലാം ബംഗാളികൾ.

രാവിലെ ആറിന് തുറക്കും. ബിവറേജസ് ഔട്ട്ലെറ്റ് തുറക്കാനായി കുടിയന്മാർ കാത്തുനിൽക്കും പോലെ ഒരു പെറ്റം ആളുകളുണ്ടാവും അപ്പോൾ ഹോട്ടലിനുമുന്നിൽ. അകത്തുകയാൻ പിന്നെ ഇടിയാണ്. അപ്പവും പുട്ടുമൊന്നുമല്ല, രാവിലെ തന്നെ ചോറാണ് ഭായിമാർക്ക് പ്രിയം. ബംഗാളി രീതിയിലുണ്ടാക്കുന്ന മീൻ,​ ചിക്കൻ,​ ബീഫ് കറികൾ എന്നിവകൂട്ടി വിഭവസമൃദ്ധമായ ഊണ്. ചുരുക്കം ചിലർ പൂരിയും ചപ്പാത്തിയും കഴിക്കും. ഉച്ചയ്ക്കും ചോറ് തന്നെയാണ് പ്രധാന ഐറ്റം. മീൻ വറുത്ത ശേഷമാണ് കറിവയ്ക്കുന്നത്. വൈകിട്ട് പണിയെല്ലാം കഴിഞ്ഞ് കൂലി കിട്ടിക്കഴിഞ്ഞാൽ തൊഴിലാളികൾക്ക് മധുരപലഹാരങ്ങൾ മതി. മിഷ്ടി, ലുധിക, ഖോജ, ജിലേബി, ചെനാ ജിലേബി, രസഗുള, പ്യാജി, സിംഗിഡ, സ്വീറ്റ് സമോസ എന്നിവയാണ് പ്രധാന മധുരപലഹാരങ്ങൾ. തേൻ പോലെ മധുരമുള്ള ഈ വിഭവങ്ങളുണ്ടാക്കാൻ നാടൻ പാല് വേണം. ഒറ്റയിരുപ്പിൽ അഞ്ചും ആറും പലഹാരങ്ങൾ ഭായിമാർ ശാപ്പിടും. തൈരിൽ മധുരം ചേർത്ത ബംഗാളി വിഭവം 'ധോയ്" ഇവരുടെ ഇഷ്ടവിഭവമാണ്.​ ചായയുണ്ടെങ്കിലും ആവശ്യക്കാർ കുറവാണ്. പാചകത്തിന് ഉപയോഗിക്കുന്നത് കടുകെണ്ണയാണ്. പശ്ചിമ ബംഗാളിൽ നിന്നുതന്നെയുള്ള റിപ്പോൺ, സൗരവ്, മത്തിനൂർ എന്നിവരാണ് ബംഗാളി വിഭവങ്ങൾ തയ്യാറാക്കുന്നത്. രാത്രി എട്ടിന് ഹോട്ടൽ അടയ്ക്കുംവരെ നാട്ടിലെ രുചി തേടി ബംഗാളിഭായിമാർ എത്തിക്കൊണ്ടിരിക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENGALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA