SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.57 PM IST

തൃശൂർ പടക്കനിർമ്മാണശാലയിലെ അപകടം: മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു, രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

READ ENGLISH VERSION
thrissur-blast

തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിലെ ദുരന്തത്തിൽ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. വെന്നൂർ പഴയന്നൂർ പറക്കുണ്ടിൽ സുദർശൻ (56), കുമരനല്ലൂർ സ്വദേശി വാസുദേവൻ (54),കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരുടെ വിവരങ്ങൾ: ബാബു (57) മുണ്ടത്തിക്കോട്, സുഭദ്ര (68), അനിത (50) മുണ്ടത്തിക്കോട്, അഖിൽ (30) മുണ്ടത്തിക്കോട്, വിദ്യ കുമാർ (48) പഴയന്നൂർ, രജീഷ് (40), വിഷ്‌ണു (30), പ്രവീൺ (45), ബാബു (56), സതീഷ്, സാജൻ (38) വേലൂർ, ഹരി (40),ഭവാനി (65), സുന്ദരൻ (46). അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ് ഇവർക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.

സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അനുശോചനം അറിയിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും അപകടത്തിൽ പരിക്കേറ്റവർക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചു. അപകടസ്ഥലത്തെ ഇന്നത്തെ അന്വേഷണം അവസാനിപ്പിച്ചു. നാളെ രാവിലെ അന്വേഷണം പുനഃരാരംഭിക്കും. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. പൂരത്തിന് തൊട്ടുമുൻപുണ്ടായ ദുരന്തവും അത് സൃഷ്‌ടിച്ച നാശവും ഹൃദയഭേദകമാണെന്നും അതിവേഗ രക്ഷാപ്രവർത്തനവും അടിയന്തര ചികിത്സയും സർക്കാർ ഉറപ്പാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

പൂരത്തിനായി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്ടെ പണിശാലയിൽ കത്തിയമർന്നവരുടെ മൃതദേഹം തിരിച്ചറിയുക പൊലീസിനും ഡോക്ടർമാർക്കും ശ്രമകരമാകും. തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ പല മൃതദേഹങ്ങളും എത്തിച്ചത് ചിന്നിച്ചിതറിയ നിലയിലാണ്. മുഖവും വസ്ത്രങ്ങളുമടക്കം കത്തിക്കരിഞ്ഞു.

മെഡിക്കൽ കോളേജ് അധികൃതർ ഫോറൻസിക് വിഭാഗത്തോട് ശാസ്ത്രീയ പരിശോധനകൾക്ക് നിർദ്ദേശം നൽകി. പരിശോധനയും പോസ്റ്റ്‌മോർട്ടവും ഇന്ന് പൂർത്തിയായേക്കും. പൊള്ളലേറ്റ് പ്രത്യേക ബേൺ ഐ.സി.യുവിൽ പ്രവേശിപ്പിച്ചവരുടെ നില അതീവ ഗുരുതരമാണ്. നിലവിൽ 13 പേർ ഇവിടെ ചികിത്സയിലുണ്ട്. ആലപ്പുഴ, കോട്ടയം, തിരുവനന്തരം, പാലക്കാട്, കൊച്ചി മെഡിക്കൽ കോളേജുകളിൽ നിന്ന് മെഡിക്കൽ സംഘം തൃശൂരിലെത്തിയിട്ടുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിവരമറിയാൻ ആളുകൾ കൂട്ടമായെത്തിയതോടെ മെഡിക്കൽ കോളേജിൽ കൺട്രോൾ റൂമും തുറന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തൃശൂരിലെത്തി. ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെ സ്ഥലത്തുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജ് മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THRISSUR BLAST, VICTIMS, NAME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA