SignIn
Kerala Kaumudi Online
Friday, 18 September 2026 5.27 PM IST

കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം മുങ്ങിയതിന് പിന്നിൽ ഒറ്റ ലക്ഷ്യം; കാര്യമറിഞ്ഞ നവവരന് ഹൃദയാഘാതം

wedding

തൃശൂർ : വിവാഹം കഴിഞ്ഞ് പിറ്റേദിവസം ആഭരണങ്ങളും പണവുമായി മുങ്ങിയ നവവധു കൂട്ടുകാരിക്കൊപ്പം കറങ്ങി നടന്നത് ആറുദിവസം. ബന്ധുക്കളെയും പൊലീസിനെയും വട്ടം ചുറ്റിച്ച ഇരുവരെയും ഒടുവിൽ ചേർപ്പ് പൊലീസ് മധുരയിൽ നിന്നും പിടികൂടി.

കഴിഞ്ഞമാസം 25 നായിരുന്നു പഴുവിൽ സ്വദേശിനിയും ചാവക്കാട്ടുകാരനുമായ യുവാവും വിവാഹിതരാകുന്നത്. അന്നു രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞ ശേഷം പിറ്റേ ദിവസമായിരുന്നു നവവധു മുങ്ങിയത്. ഭർത്താവിനൊപ്പം ബാങ്ക് ഇടപാടിന് ഇറങ്ങിയ യുവതി, വഴിയിൽ കാത്തു നിന്ന കൂട്ടുകാരിക്കൊപ്പം സ്ഥലം വിടുകയായിരുന്നു. ഭർത്താവിന്റെ മൊബൈലും കൈക്കലാക്കിയാണ് കൂട്ടുകാരിയുടെ സ്‌കൂട്ടറിൽ ഇരുവരും നാട് വിട്ടത്.

തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്‌കൂട്ടർ വച്ചിട്ട് പിന്നീടുള്ള യാത്ര ടാക്‌സിയിലായിരുന്നു. ഇതിനിടയിൽ ടാക്‌സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് 2 ടിക്കറ്റ് ബുക്കും ചെയ്യിപ്പിച്ചു. വസ്ത്രം എടുക്കാനെന്ന പേരിൽ തുണിക്കടയിൽ എത്തിയ യുവതികൾ ടാക്‌സിക്കാരനെ പുറത്തുനിർത്തി കടന്നുകളഞ്ഞു. മറ്റൊരു ടാക്‌സിയിൽ കോട്ടയത്തെത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിൽ എത്തി. പിന്നീട് മധുരയിലെ ലോഡ്‌ജിൽ മുറിയെടുത്ത് രണ്ട് ദിവസം താമസിച്ചു.

ട്രെയിനിൽ പാലക്കാട് മടങ്ങിയെത്തിയ ശേഷം ടാക്‌സിയിൽ തൃശൂരിലെത്തി സ്‌കൂട്ടറെടുത്ത് എറണാകുളത്ത് പോവുകയായിരുന്നു. അതേസമയം,​ മധുരയിലെ ലോഡ്‌ജിൽ മുറിയെടുത്തിട്ട് പണം നൽകാതെ മുങ്ങിയതോടെ തെളിവായി നൽകിയ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പറിൽ ലോഡ്‌ജുടമ ബന്ധപ്പെട്ടു. കൂട്ടുകാരിയുടെ അച്‌ഛന്റെ നമ്പറായിരുന്നു അത്. അദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് ലോഡ്‌ജിലെത്തിയ യുവതികളെ പൊലീസ് പിടികൂടുകയായിരുന്നു.

വിവാഹം കഴിഞ്ഞ് രണ്ടാഴ്‌ച പിന്നിട്ടപ്പോഴേക്കും ഭർത്താവുമായി പിരിഞ്ഞയാളാണ് നവവധുവിന്റെ കൂട്ടുകാരി. സ്വതന്ത്രമായി ജീവിക്കാനാണ് നാടുവിട്ടതെന്നും പണവും സ്വർണവും കിട്ടാനാണ് വിവാഹത്തിന് സമ്മതിച്ചതെന്നും ഇവർ പറയുന്നു. ഇവരിൽ നിന്ന് പതിനൊന്നര പവൻ സ്വർണം കണ്ടെടുത്തു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായ നവവരൻ അപകടനില തരണം ചെയ്തിട്ടുണ്ട്. ചെന്നൈയിൽ ജോലിചെയ്‌ത് ജീവിക്കാനായിരുന്നു ഇവരുടെ തീരുമാനമെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരിയുടെ കൈയിലും പണവും സ്വർണവും ഉണ്ടായിരുന്നു. പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കിയശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. കൂട്ടുകാരി സർക്കാർ ജീവനക്കാരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WEDDING, BRIDE, ESCAPE, TWO GIRLS, FRIENDS, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA