SignIn
Kerala Kaumudi Online
Monday, 14 September 2026 11.20 AM IST

പ്രൊഫ. ഉമ്മൻ- സ്‌നേഹസമ്പന്നനായ ഗുരു

തിരുവനന്തപുരം: ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച കോളേജ് ഒഫ് എൻജിനിയറിംഗ് (സി.ഇ.ടി)​ ആർക്കിടെക്ചർ വിഭാഗം മുൻ മേധാവി പ്രൊഫ.ടി.ഉമ്മൻ. പരമ്പരാഗത സങ്കൽപത്തിലെ ഗുരുവിനെ അന്വർത്ഥമാക്കുന്ന പ്രവർത്തനശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്ന് മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ് ഡയറക്ടറും പ്രൊഫ.ഉമ്മന്റെ സഹപ്രവർത്തകയുമായിരുന്ന ഡോ. ആശാലത തമ്പുരാൻ പറഞ്ഞു.

കേരളത്തിലെ ഇപ്പോഴത്തെ പ്രഗത്ഭരായ ആർക്കിടെക്ടുകളെല്ലാം പ്രൊഫ. ഉമ്മന്റെ ശിഷ്യരാണ്. വായനയിലൂടെ എന്നും തന്റെ അറിവുകളെ തേച്ചുമിനുക്കിയിരുന്ന അദ്ദേഹം, അത് മറ്റുള്ളവർക്ക് പകർന്നു നൽകാനും മടി കാണിച്ചിരുന്നില്ല. കോളേജുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സംഘത്തെ നയിച്ചിരുന്നതും പ്രൊഫ.ഉമ്മനാണ്. അദ്ദേഹം ആർക്കിടെക്ചറൽ വിഭാഗം മേധാവിയായിരുന്നപ്പോഴാണ് രാജ്യത്തെ തന്നെ മികച്ച കോളേജുകളുടെ പട്ടികയിലേക്ക് സി.ഇ.ടി ഉയർന്നത്. അക്കാലത്ത് അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ബൗദ്ധിക നിലവാരം ഉയർത്തുന്നതിനുള്ള സംഭാവനകളും അദ്ദേഹം നൽകി. 1982-91ൽ കേരള യൂണിവേഴ്സിറ്റി ബോർഡ് ഒഫ് സ്റ്റഡീസ് ഇൻ എൻജിനിയറിംഗ് മെമ്പർ,​ 1983ൽ കേരള യൂണിവേഴ്സിറ്റിയുടെ ബി.ആർക് കോഴ്സിന്റെ സിലബസ് കമ്മിറ്റി ചെയർമാൻ,​ അർബൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ കോഴ്സിന്റെ ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.കോളേജിന്റെ സിലബസ്,​ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയിലും അദ്ദേഹം ക്രിയാത്മക ഇടപെടലുകൾ നടത്തിയിരുന്നു.

ഏത് സമയത്തും ഏത് ആവശ്യത്തിനും വിദ്യാ‌ർത്ഥികൾക്ക് സമീപിക്കാവുന്ന ഗുരുവായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും സൗമ്യമായി മാത്രം പെരുമാറിയിരുന്ന അദ്ദേഹത്തിന്റെ സ്നേഹവും കരുതലും അനുഭവിച്ചറിഞ്ഞവർ നിരവധിയാണ്. അദ്ദേഹത്തോടൊപ്പം തനിക്ക് ഇരുപത് വർഷം ജോലി ചെയ്യാനായി. ഒരു വർഷം സീനിയറായിരുന്നിട്ടും ഒരേ ദിവസമാണ് ഇരുവരും ലക്ചററായി സർവീസിൽ പ്രവേശിച്ചത്. പല പ്രതിസന്ധി ഘട്ടങ്ങളിലും അദ്ദേഹം ഒപ്പം നിന്നിരുന്നതായി ഡോ. ആശാലത തമ്പുരാൻ അനുസ്മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA